ജനങ്ങള്‍ പറയുന്നത് ഞാന്‍ നിശബ്ദനായ പ്രധാനമന്ത്രിയായിരുന്നു എന്നാണ്; എന്നാല്‍ മോദിയെപ്പോലെ മാധ്യമങ്ങളോട് സംസാരിക്കാത്ത പ്രധാനമന്ത്രിയായിരുന്നില്ല; പരിഹസിച്ച് മന്‍മോഹന്‍ സിങ്

single-img
19 December 2018

രാജ്യത്തിന്റെ പ്രധാനമന്ത്രി പദം മാത്രമല്ല ധനമന്ത്രി സ്ഥാനവും തനിക്ക് അപ്രതീക്ഷിതമായാണു ലഭിച്ചതെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മന്‍മോഹന്‍ സിങ്. നിശബ്ദനായ പ്രധാനമന്ത്രിയാണെന്നു വിമര്‍ശനമുയര്‍ന്നപ്പോഴും താന്‍ മാധ്യമങ്ങളോടു സംസാരിക്കാതിരുന്നിട്ടില്ലെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. ഡല്‍ഹിയില്‍ ചെയ്ഞ്ചിങ് ഇന്ത്യ എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവാദ വിഷയങ്ങളില്‍ മോദി പ്രതികരിക്കാതിരിക്കുമ്പോള്‍, ഒന്നും മിണ്ടാത്ത പ്രധാനമന്ത്രിയെന്ന് തന്നെ പരിഹസിക്കുന്നത് ശരിയല്ല. ജനങ്ങള്‍ പറയുന്നത് ഞാന്‍ നിശ്ശബ്ദനായ പ്രധാനമന്ത്രിയായിരുന്നു എന്നാണ്. എന്നാല്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ മടിയുള്ള പ്രധാനമന്ത്രിയായിരുന്നില്ല.

ഞാന്‍ മാധ്യമങ്ങളോട് സംസാരിക്കാറുണ്ടായിരുന്നു. വിദേശ പര്യടനം കഴിഞ്ഞു വന്നാല്‍ സ്ഥിരമായി പത്രസമ്മേളനം വിളിക്കാറുമുണ്ടായിരുന്നു. 2014 ല്‍ അധികാരത്തില്‍ വന്ന ശേഷം നരേന്ദ്രമോദി ഒറ്റ പത്രസമ്മേളനം പോലും വിളിച്ചിട്ടില്ലെന്നും മന്‍മോഹന്‍ പറഞ്ഞു.

റഫാല്‍ അടക്കമുള്ള വിഷയങ്ങളില്‍ നരേന്ദ്രമോദി പത്രസമ്മേളനം വിളിക്കാന്‍ കൂട്ടാക്കാത്തതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മന്‍മോഹന്‍ വീണ്ടും മോദിക്കെതിരെ രംഗത്തെത്തിയത്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഈ വിഷയത്തില്‍ നരേന്ദ്രമോദിയെ പരിഹസിച്ച കാര്യവും അദ്ദേഹം സൂചിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി വാര്‍ത്താ സമ്മേളനങ്ങള്‍ നടത്താന്‍ വിമുഖത കാട്ടുന്നതിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. 1,654 ദിവസം പ്രധാനമന്ത്രിയായിരുന്നിട്ടും ഒരു വാര്‍ത്താസമ്മേളനം പോലും നടത്തിയില്ലേയെന്ന് രാഹുല്‍ ട്വിറ്ററില്‍ പ്രതികരിച്ചു.

ഹൈദരാബാദിലെ തന്റെ വാര്‍ത്താ സമ്മേളനത്തിന്റെ ചിത്രമുള്‍പ്പെടെ സമൂഹമാധ്യമത്തിലിട്ട് കൊണ്ടായിരുന്നു രാഹുലിന്റെ വിമര്‍ശനം. ഏതെങ്കിലും ദിവസം വാര്‍ത്താ സമ്മേളനം നടത്തി നോക്കാനും രാഹുല്‍ പ്രധാനമന്ത്രിയെ ഉപദേശിച്ചിരുന്നു.