പുതിയ കണ്ടക്ടര്‍മാര്‍ക്ക് ഉടന്‍ സ്ഥിരം നിയമനമില്ല; താല്‍ക്കാലികക്കാരുടെ വേതനമെ നല്‍കൂവെന്നും തച്ചങ്കരി

single-img
19 December 2018

പി.എസ്.സി വഴി കെ.എസ്.ആര്‍.ടി.സിയില്‍ ജോലിക്കുവരുന്ന കണ്ടക്ടര്‍മാര്‍ക്ക് ഉടന്‍ സ്ഥിരനിയമനം ലഭിക്കില്ല. ഒരു വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തിമാത്രമെ സ്ഥിരനിയമനം നല്‍കൂവെന്ന് എം.ഡി ടോമിന്‍ തച്ചങ്കരി പറഞ്ഞു. അതുവരെ താല്‍കാലിക ജീവനക്കാരുടെ ശമ്പളമേ നല്‍കൂ. പി.എസ്.സി പറയുന്ന ശമ്പളം നല്‍കാന്‍ കഴിയില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം ‘ജീവനക്കാരുടെ വലിയ തരത്തിലുള്ള കുറവുണ്ടായിട്ടും അത് കളക്ഷനെ ബാധിച്ചില്ല. തിങ്കളാഴ്ച മാത്രം 7.49 കോടി രൂപയുടേതായിരുന്നു വരുമാനം. മാത്രമല്ല 17 ലക്ഷം രൂപയുടെ ഡീസല്‍ ലാഭിക്കാനുമായി. എന്നാല്‍ ജീവനക്കാരുടെ കുറവ് കോടതി നിര്‍ദ്ദേശ പ്രകാരം ഉടന്‍ നികത്തും. സാധാരണഗതിയില്‍ രണ്ട് മാസം എടുത്ത് പൂര്‍ത്തീകരിക്കേണ്ട പ്രക്രിയകള്‍ ഒരാഴ്ചയ്ക്കകം നടത്തും.

നിയമിക്കപ്പെടുന്നവര്‍ക്ക് പ്രാഥമികമായി രണ്ട് ദിവസത്തെ പരിശീലനം നല്‍കും. പരിശീലനം കഴിഞ്ഞാല്‍ കണ്ടക്ടര്‍ പരീക്ഷ നടത്തുകയും പാസായാല്‍ പിറ്റേദിവസം തന്നെ ലൈസന്‍സ് ലഭ്യമാക്കുകയും ചെയ്യും. തുടര്‍ന്ന് ടിക്കറ്റ് മെഷീനിലുള്ള പരിശീലനം നല്‍കും. ആദ്യകാലങ്ങളില്‍ സിറ്റിക്കടുത്തുള്ള റൂട്ടിലായിരുക്കും ഇവരെ നിയോഗിക്കുക’ തച്ചങ്കരി പറഞ്ഞു.

9500ഓളം സ്ഥിരം കണ്ടക്ടര്‍മാര്‍ കെഎസ്ആര്‍ടിസിയിലുണ്ട്. ഇതില്‍ 800ഓളം പേര്‍ പല തരത്തിലുള്ള ലീവുകളിലാണ്. ഇവരെ തിരിച്ചുവിളിക്കാനുള്ള നടപടികള്‍ തുടങ്ങി. വരുമാനനഷ്ടം ഇല്ലാത്തത് കെഎസ്ആര്‍ടിസിയെ സംമ്പന്ധിച്ച് ഏറെ ആശ്വാസകരമാണെന്നും ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു. ഇന്ന് ഇതുവരെയായി സംസ്ഥാനത്ത് 672 കെഎസ്ആര്‍ടിസി സര്‍വീസുകളാണ് മുടങ്ങിയത്.