മോദിയെ മാറ്റണം എന്ന ആവശ്യം തള്ളി; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേതൃമാറ്റമില്ലെന്ന് അമിത് ഷാ

single-img
19 December 2018

അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നയിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. എന്‍ഡിഎ മുന്നണിയുടെ നേതാവും മോദി തന്നെയായിരിക്കും. സമീപഭാവിയിലെ തെരഞ്ഞെടുപ്പ് തോല്‍വികളുടെ പശ്ചാത്തലത്തില്‍ ഉയരുന്ന നേതൃമാറ്റ ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും അമിത്ഷാ പറഞ്ഞു. 2014ല്‍ ബിജെപി ആറ് സംസ്ഥാനങ്ങളില്‍ മാത്രമാണ് അധികാരത്തിലുണ്ടായിരുന്നത്. മോദി പ്രധാനമന്ത്രിയായ ശേഷം ബിജെപിയുടെ അധികാരം 16 സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമിച്ച വാസന്‍ ട്രൗ നായിക് ഷേതി സ്വവലംബന്‍ മിഷന്‍ മേധാവി കിഷോര്‍ തിവാരി മോദിയ്ക്കു പകരം ഗഡ്കരിയെ പ്രധാനമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ആര്‍.എസ്.എസിനു കത്തെഴുതിയിരുന്നു. ‘2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ബി.ജെ.പി ആഗ്രഹിക്കുന്നുണ്ടെങ്കില്‍’ എന്നു പറഞ്ഞായിരുന്നു കത്തില്‍ ഇത്തരമൊരു നിബന്ധന കിഷോര്‍ തിവാരി മുന്നോട്ടുവെച്ചത്.

‘അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്കു പിന്നാലെ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ അങ്ങേയറ്റം സ്വേച്ഛാധിപത്യപരമായ സമീപനം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളിലും പുറത്തും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. യഥാര്‍ത്ഥ വികസനത്തെ പ്രോത്സാഹിപ്പിക്കാന്‍ പാര്‍ട്ടിയ്ക്ക് എല്ലാവരെയും ഒരുമിപ്പിക്കുന്ന നേതൃത്വത്തെ ആവശ്യമുണ്ട്.

നോട്ടുനിരോധനം, വികൃതമായി നടപ്പിലാക്കിയ ജി.എസ്.ടി സമ്പ്രദായം, മുദ്രാ ബാങ്ക്, എല്‍.പി.ജി പദ്ധതികളെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിലെ സര്‍ക്കാര്‍ പരാജയം, ക്രൂഡ് ഓയില്‍ വിലയെ തുടര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ എന്നിവ സംഘപരിവാറിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

‘ഭയരഹിതമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാനും ജനങ്ങളില്‍ വിശ്വാസം സൃഷ്ടിക്കാനും ആര്‍.എസ്.എസ് മേധാവി ഗഡ്കരിക്ക് അധികാരം കൈമാറണം’ എന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.