പൊലീസ് മടക്കി അയച്ച നാല് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ശബരിമലയില്‍ ദര്‍ശനം നടത്തി

single-img
18 December 2018

നാലംഗ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സംഘം ശബരിമലയില്‍ ദര്‍ശനം നടത്തി. രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി തുടങ്ങിയവരാണ് ദര്‍ശനം നടത്തിയത്. തിരുവനന്തപുരത്ത് നിന്ന് ഇന്ന് രാവിലെ നാലു മണിയോടെ പുറപ്പെട്ട സംഘം രാവിലെ പത്ത് മണിയോടെ ദര്‍ശനത്തിന് ശേഷം നെയ്യഭിഷേകവും നടത്തി.

പൊലീസ് സുരക്ഷയിലെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെതിരെ യാതൊരു പ്രതിഷേധവുമുണ്ടായില്ല. ഞായറാഴ്ച എരുമേലിയിലെത്തിയ സംഘത്തെ പൊലീസ് നിയമ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തിരിച്ചയച്ചിരുന്നു. ദര്‍ശനം നടത്തുന്നതിന് ഇവര്‍ക്കു തടസ്സമില്ലെന്ന് പൊലീസ് ഇന്നലെ അറിയിച്ചിരുന്നു.

തിരക്കില്ലാത്ത ദിവസം ദര്‍ശനത്തിന് എത്തിയാല്‍ സുരക്ഷ ഒരുക്കാമെന്നും പൊലീസ് പറഞ്ഞിരുന്നു. ദക്ഷിണമേഖലാ എഡിജിപി അനില്‍കാന്തിനെ കണ്ടു ദര്‍ശനത്തിന് അനുമതി തേടിയപ്പോഴായിരുന്നു ഇത്. മുന്‍പു ശബരിമല ദര്‍ശനം നടത്തിയിട്ടുണ്ടെന്നും ഇവര്‍ അറിയിച്ചു.

ഹൈക്കോടതി നിരീക്ഷണ സമിതി അംഗമായ ഡിജിപി എ. ഹേമചന്ദ്രനെയും ഇവര്‍ കണ്ടു. തുടര്‍ന്ന് അനില്‍കാന്ത് ഉള്‍പ്പെടെ പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. സുപ്രീം കോടതി വിധി പ്രകാരം ആരെയും ശബരിമല ദര്‍ശനത്തില്‍ നിന്നു തടയാനാവില്ലെന്നു വിലയിരുത്തിയ പൊലീസ് സുരക്ഷ ഒരുക്കാമെന്ന് അറിയിക്കുകയായിരുന്നു.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ദര്‍ശനം നടത്തുന്നതിന് തടസമില്ലെന്ന് ശബരിമല തന്ത്രിയും പന്തളം കൊട്ടാരവും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ദര്‍ശനം സുഗമമായിരുന്നുവെന്ന് ട്രാന്‍സ് ജെസ്‌ഡേഴ്‌സ് പ്രതികരിച്ചു. അതേസമയം, മണ്ഡലകാലം തുടങ്ങിയ ശേഷം ആദ്യമായി ശബരിമലയില്‍ ഭക്തജനത്തിരക്ക് കൂടി. ഇന്നലെ അര്‍ദ്ധരാത്രി വരെ തൊണ്ണൂറായിരത്തിലധികം തീര്‍ത്ഥാടകര്‍ മലചവിട്ടി. ഈ മണ്ഡലകാലത്ത് ഏറ്റവും കൂടുതല്‍ പേര്‍ ദര്‍ശനം നടത്തിയത് ഇന്നലെയാണ്. ഇന്നും വലിയ തിരക്കാണ് രാവിലെ മുതല്‍ തന്നെ അനുഭവപ്പെടുന്നത്.