നടി അശ്വതി ബാബുവില്‍ നിന്ന് പിടിച്ചെടുത്തത് ‘എം.ഡി.എം.എ.’ എന്ന മയക്കുമരുന്ന്;സീരിയല്‍ താരത്തെ പൊലീസ് കുടുക്കിയത് ദിവസങ്ങളായുള്ള നിരീക്ഷണത്തിനൊടുവില്‍

single-img
17 December 2018

കൊച്ചി: എറണാകുളത്ത് 200 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ച് രണ്ടു മാസം കഴിയുമ്പോഴാണ് ഏറ്റവും വീര്യം കൂടിയ മയക്കുമരുന്നിലൊന്നുമായി സീരിയല്‍ നടി പിടിയിലാകുന്നത്. ഞായറാഴ്ച ഉച്ചയോടെ കാക്കനാട് പാലച്ചുവടിലെ സ്വകാര്യ ഫ്ളാറ്റിലെ കാർ പാർക്കിങ് ഏരിയയിൽവച്ച് മയക്കുമരുന്ന്‌ അടങ്ങിയ ബാഗ് കൈമാറുന്നതിനിടയിലാണ് തിരുവനന്തപുരം തുമ്പയിൽ പുതുവൽപുരയിടം വീട്ടിൽ അശ്വതി ബാബു (22) പോലീസ് പിടിയിലായത്.

അഞ്ച് ഗ്രാം എം.ഡി.എം.എ. (മെത്തലിൻ ഡയോക്‌സി മെത്തഫിറ്റമിൻ)യെയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ബെംഗ്ലൂരുവിൽ നിന്നാണ് ലഹരി മരുന്ന് എത്തിച്ചതെന്നാണ് പ്രാഥമിക വിവരം.

ഡ്രൈവർ കോട്ടയം സ്വദേശി ബിനോയ് ഏബ്രഹാമിനെയും തൃക്കാക്കര പൊലീസ് കസ്റ്റഡിയിൽ എടുത്തു. നടിയുടെ ഫ്ളാറ്റില്‍ ഞായറാഴ്ച വൈകിട്ടാണ് പോലീസ് സംഘം റെയ്ഡ് നടത്തിയത്. ഫ്ളാറ്റില്‍നിന്ന് എം.ഡി.എം.എ ലഹിമരുന്നുകള്‍ പോലീസ് പിടിച്ചെടുത്തു.

നടിയുടെ ഫ്ളാറ്റ് കേന്ദ്രീകരിച്ച് ലഹരി പാര്‍ട്ടികള്‍ നടക്കുന്നതായി പോലീസിന് നേരത്തെ രഹസ്യ വിവരം ലഭിച്ചിരുന്നു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം തുടങ്ങി.

കഴിഞ്ഞ സെപ്റ്റംബറില്‍ എറണാകുളത്തു നടന്ന വന്‍ മയക്കുമരുന്നു വേട്ടയിൽ 200 കോടിയുടെ ലഹരി വസ്തുക്കൾ എക്സൈസ് പിടികൂടിയിരുന്നു. 32 കിലോയുടെ എംഡിഎംഎ മരുന്നാണു പിടിച്ചെടുത്തത്.

ലോക വ്യാപകമായി നിരോധിക്കപ്പെട്ട ലഹരിമരുന്നാണിത്. നഗരത്തിലെ കുറിയർ സർവീസുകൾ വഴിയാണ് എംഡിഎംഎ കടത്താന്‍ ശ്രമിച്ചത്. സംഭവം നടന്നു രണ്ടു മാസം പിന്നിടുമ്പോഴാണു അതേ മയക്കുമരുന്നുമായി സീരിയല്‍ നടി അറസ്റ്റിലായത്. ഇവരെ വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോയി.