വനിതാ മതില്‍ പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമെന്ന് വി.എസ്; കുടുംബശ്രീ ജീവനക്കാര്‍ അവധിയെടുക്കാതെ പങ്കെടുത്താല്‍ ചെറുക്കുമെന്ന് മുല്ലപ്പള്ളി: തന്നെ വിമര്‍ശിക്കുന്നവര്‍ക്കാണ് ഏറ്റവും വലിയ വര്‍ഗീയതയെന്ന് വെള്ളാപ്പള്ളി

single-img
16 December 2018

എല്‍.ഡി.എഫ്‌സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ സി.പി.എം മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍ കേന്ദ്ര കമ്മിറ്റിക്ക് കത്തയച്ചു. ജാതി സംഘടനകളുമായി ചേര്‍ന്ന് നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് വൈരുധ്യമെന്ന് വി.എസ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഹിന്ദുത്വവാദികളുടെ മുന്നേറ്റത്തെ രാഷ്ട്രീയവും സംഘടനാപരമായും നിയമപരവുമായി ചെറുത്തു തോല്‍പ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ജാതി, സമുദായ സംഘടനകളുമായി ചേര്‍ന്ന് നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് വൈരുധ്യമാണ്.

ആര്‍.എസ്.എസിനെ എതിര്‍ക്കുകയും നായര്‍ സമുദായത്തെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നവോത്ഥാനത്തിന്റെ പേരില്‍ പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമായി നടപടികളിലേക്ക് പോകുന്നത് ആത്മഹത്യാപരമാണെന്നും വി.എസ് കത്തില്‍ വ്യക്തമാക്കുന്നു.

അതേസമയം, ജനുവരി ഒന്നിന് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന വനിത മതിലില്‍ അവധിയെടുക്കാതെ കുടുംബശ്രീ ജീവനക്കാര്‍ പങ്കെടുത്താല്‍ കോണ്‍ഗ്രസ് ചെറുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇങ്ങനെ നടപടി ഉണ്ടായാല്‍ നിയമനടപടി സ്വീകരിക്കുമെന്നും അദേഹം പറഞ്ഞു.

വനിതാ മതില്‍ എന്തിനെന്ന് വിശദീകരിക്കാന്‍ മുഖ്യമന്ത്രിക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാത്ത സര്‍ക്കാര്‍ നടത്തുന്ന വനിതാ മതില്‍ പ്രഹസനമാണ്. സ്ത്രീ സംരക്ഷണത്തെ കുറിച്ച് പറയാന്‍ സി.പി.എമ്മിന് ധാര്‍മ്മിക അവകാശമില്ല.

സ്ത്രീ പീഡനക്കേസുകളില്‍ ഒരു ഭാഗത്ത് സി.പി.എം നേതാക്കളാണ് പ്രതികളാകുന്നത്. പി.കെ.ശശിക്കെതിരായ പീഡനാരോപണത്തില്‍ പരാതിക്കാരിക്ക് നീതി ലഭിച്ചില്ല. സര്‍ക്കാര്‍ പരാജയത്തിന്റെ പടുകുഴിയിലാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതിനിടെ, തന്നെ വിമര്‍ശിക്കുന്നവര്‍ക്കാണ് ഏറ്റവും വലിയ വര്‍ഗീയതയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അക്രമങ്ങളും ആക്ഷേപങ്ങളും കൊണ്ട് തന്റെ അഭിപ്രായം മാറില്ല. മുനീറിന്റേതാണ് വലിയ വര്‍ഗീയ പാര്‍ട്ടി.

തുഷാര്‍ വെള്ളാപ്പള്ളിയടക്കം എല്ലാവരും വനിതാ മതിലിനോട് സഹകരിക്കും. സംഘടനാ തീരുമാനം ലംഘിച്ചാല്‍ ആരായാലും എസ്എന്‍ഡിപിക്ക് പുറത്തെന്നും വെള്ളാപ്പള്ളി പറഞ്ഞു. വനിതാ മതിലുമായി സഹകരിക്കാത്തവര്‍ക്കെതിരെ സംഘടന നടപടിയെടുക്കുമെന്ന് നേരത്തെ വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു. ഏകമനസ്സോടുകൂടി വനിതാ മതില്‍ വിജയിപ്പിക്കാന്‍ പ്രവര്‍ത്തനം നടത്തുമെന്നും ഇതിനെ പരാജയപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ നവോത്ഥാനത്തിന് എതിരാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.