ഇന്ത്യയില്‍ പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നില്ല; വികസനം കോര്‍പ്പറേറ്റുകളില്‍ മാത്രം ഒതുങ്ങുന്നുവെന്നും ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍

single-img
16 December 2018

ഇന്ത്യയില്‍ വികസനം എല്ലാവരിലേക്കും എത്തുന്നില്ലെന്നും, പുതിയ തൊഴിലുകള്‍ ഇല്ലാതെയായെന്നും ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. കഴിഞ്ഞ 25 വര്‍ഷത്തിനുള്ളളില്‍ ഏഴ് ശതമാനം വളര്‍ച്ചാ നിരക്കെന്ന ഇന്ത്യയുടെ നേട്ടം മികച്ചതാണ്. എന്നാല്‍, ചിലര്‍ക്ക് ഇതിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുമ്പോള്‍ മറ്റ് ചിലര്‍ക്ക് കിട്ടുന്നില്ലെന്നും രഘുറാം രാജന്‍ കുറ്റപ്പെടുത്തി.

വികസനം കോര്‍പ്പറേറ്റുകളില്‍ മാത്രം ഒതുങ്ങുന്നു. ഏറ്റവും വലിയ തൊഴില്‍ ദാതാവായ ഇന്ത്യന്‍ റെയില്‍വേയില്‍ 90,000 ഒഴിവുകള്‍ക്കായി 25 മില്യണ്‍ അപേക്ഷകരാണുള്ളത്. എന്നാല്‍ ഉയര്‍ന്ന ശമ്പളം ഇത്തരം ജോലികള്‍ക്ക് കിട്ടുന്നുമില്ല. സാധാരണക്കാരന്‍ ഇത്തരം നീതിനിഷേധം നേരിടേണ്ടി വരുന്നതിന് കാരണം അസമത്വം രാജ്യത്ത് വളര്‍ന്നു വരുന്നതിന്റെ ലക്ഷണമാണെന്നും രഘുറാം രാജന്‍ പറഞ്ഞു.

കര്‍ഷകര്‍ രാജ്യത്ത് വലിയ പ്രതിസന്ധി അഭിമുഖീകരിക്കുകയാണെന്നും സ്ത്രീകള്‍ തൊഴില്‍ മേഖലയില്‍ നിന്ന് പിന്നാക്കം പോകുന്നതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.