തിയേറ്ററില്‍ ഇരുന്ന് ഒടിയന്‍ ഫേസ്ബുക്ക് ലൈവിട്ടയാളെ പൊലീസ് കയ്യോടെ പിടികൂടി; കേസെടുക്കാതെ വെറുതെ വിട്ടു

single-img
15 December 2018

തൃശൂര്‍ രാഗം തിയേറ്ററില്‍നിന്നു ലൈവായി ഒടിയന്‍ എന്ന സിനിമ മൊബൈലില്‍ പുറത്തുവിട്ട ആളെ പൊലീസ് പിടികൂടി വെറുതെ വിട്ടതായി പരാതി. പിടികൂടിയ വിവരം നിര്‍മാതാക്കള്‍ അറിയുന്നതിനു മുന്‍പു ഫിലിം റെപ്രസെന്റേറ്റീവിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഒരു മിനിറ്റു മാത്രമേ ടെലിക്കാസ്റ്റ് ചെയ്തിട്ടുള്ളുവെന്നു പറഞ്ഞ് പകര്‍ത്തിയ വീഡിയോ ഡിലീറ്റ് ചെയ്യിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ചിത്രത്തിന്റെ വ്യാജ പതിപ്പുകള്‍ പുറത്ത് വന്ന സംഭവമുണ്ടായിട്ടും ഇയാളെ വെറുതെ വിട്ടത് ദുരൂഹമാണെന്ന ആരോപണവും ഉയരുന്നുണ്ട്. പരാതിയുണ്ടായിരുന്നില്ല എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പിടികൂടിയ മൊബൈലില്‍നിന്നു ചിത്രം ലൈവായി പുറത്തുപോകുന്നതു കണ്ടെത്തിയിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധമുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഒടിയന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഹര്‍ത്താല്‍ ദിനത്തില്‍ ചിത്രം റിലീസ് ചെയ്‌തെങ്കിലും തിരുവനന്തപുരത്തും കോഴിക്കോടും പലയിടങ്ങളിലും ഷോ മാറ്റിവയ്ക്കുന്ന സാഹചര്യമുണ്ടായി. ഇതിനിടയില്‍ ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പേജില്‍ ചിത്രം മോശമാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം ആരാധകര്‍ പൊങ്കാലയിടുകയും ചെയ്തിരുന്നു.