ഹര്‍ത്താലില്‍ പ്രതിഷേധിച്ച് 25,000 രൂപയുടെ പച്ചക്കറികള്‍ സൗജന്യമായി നല്‍കി കച്ചവടക്കാരന്‍

single-img
15 December 2018

ഇന്നലത്തെ ഹര്‍ത്താലില്‍ പ്രതിഷേധിച്ച് സൗജന്യമായി പച്ചക്കറികള്‍ വിതരണം ചെയ്ത് കച്ചവടക്കാരന്‍. കണ്ണൂര്‍, മാതമംഗലത്തെ ഹരിത പച്ചക്കറി സ്റ്റാള്‍ ഉടമ രമേശനാണ് വ്യത്യസ്തമായി ഹര്‍ത്താലിനെതിരെ പ്രതിഷേധിച്ചത്. 25,000 രൂപയുടെ പച്ചക്കറികളാണ് രമേശന്‍ സൗജന്യമായി നല്‍കിയത്. വെള്ളിയാഴ്ച രാവിലെ 6.30ന് തുടങ്ങിയ വിതരണം 8.45ന് പച്ചക്കറി പൂര്‍ണമായും തീരുന്നതുവരെ തുടര്‍ന്നു.

വ്യാഴാഴ്ച ഉച്ചയ്ക്കാണ് രമേശന്‍ കര്‍ണാടകത്തിലും തമിഴ്‌നാട്ടിലുമായി 25,000 രൂപയുടെ പച്ചക്കറി ബുക്ക് ചെയ്തത്. വെള്ളിയാഴ്ച രാവിലെ നാലുമണിക്ക് പച്ചക്കറി മാതമംഗലത്തെ കടയിലെത്തി. കഴിഞ്ഞ ഹര്‍ത്താലിന് 15,000 രൂപയുടെ പച്ചക്കറി നശിച്ചതായും പെട്ടെന്നുണ്ടായ ഹര്‍ത്താലില്‍ പച്ചക്കറി നശിക്കാതിരിക്കാനാണ് സൗജന്യമായി നല്‍കിയതെന്നും രമേശന്‍ പറഞ്ഞു.