18,000 രൂപയുടെ ഇയര്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത നടി സൊനാക്ഷിക്ക് കിട്ടിയത് സ്റ്റീല്‍ കഷ്ണം

single-img
14 December 2018

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഓണ്‍ലൈന്‍ ഷോപ്പിങ് ചതിയുടെ കഥയാണ്. ഓണ്‍ലൈന്‍ ഷോപ്പിങ് വഴിയുള്ള തട്ടിപ്പുകളും വ്യാജ ഉല്‍പന്നങ്ങളുടെ വിതരണവും കൂടിവരികയാണ്. പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്സൈറ്റില്‍ നിന്ന് 18,000 രൂപയുടെ ഇയര്‍ ഫോണാണ് സൊനാക്ഷി ഓര്‍ഡര്‍ ചെയ്തത്.

എന്നാല്‍ വീട്ടിലെത്തിയത് പാക്ക് ചെയ്ത സ്റ്റീല്‍ കഷ്ണമായിരുന്നു. തട്ടിപ്പിനിരയായ സംഭവം ട്വിറ്റര്‍ വഴിയാണ് സൊനാക്ഷി വെളിപ്പെടുത്തിയത്. ഇത് സംബന്ധിച്ച് കസ്റ്റമര്‍ കെയറുമായി സംസാരിക്കാന്‍ ശ്രമം നടത്തിയെന്നും സൊനാക്ഷി പറയുന്നുണ്ട്. എന്നാല്‍ കസ്റ്റമര്‍ കെയര്‍ തന്നോടു സംസാരിക്കാന്‍ താല്‍പര്യമില്ലെന്നാണ് പറഞ്ഞതെന്നും നടി പറയുന്നു.

ആര്‍ക്കെങ്കിലും 18,000 രൂപ തിളങ്ങുന്ന ചവറ് വസ്തു വേണോ? ഇത് സ്റ്റീല്‍ കഷ്ണമാണ്. വിഷമിക്കേണ്ട, ഞാനാണ് വില്‍ക്കുന്നത്. എന്താണ് നിങ്ങള്‍ ഓര്‍ഡര്‍ ചെയ്തത് അതു തന്നെ ഞാന്‍ വീട്ടിലെത്തിക്കുമെന്നും സൊനാക്ഷി രസകരമായ പരിഹാസത്തോടെ ട്വീറ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ ഭാര്യയ്ക്ക് വിവാഹവാര്‍ഷിക സമ്മാനം നല്‍കാന്‍ ഇ-ഷോപ്പിങ് വഴി ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത കോളിവുഡ് നടന്‍ നകുലിന് വ്യാജ ഫോണ്‍ കിട്ടിയിരുന്നു. തെറ്റുപറ്റിയിട്ടും ഉത്തരവാദിത്തം ഏറ്റെടുക്കാനോ പ്രശ്നപരിഹാരത്തിനു എന്തെങ്കിലും നടപടി കൈകൊള്ളാനോ കമ്പനി തയാറായിട്ടില്ലെന്നു നടന്‍ കുറ്റപ്പെടുത്തിയിരുന്നു. 1.25 ലക്ഷം രൂപ വിലമതിക്കുന്ന ഐഫോണ്‍ എക്സ്എസ് മാക്സാണു ഭാര്യ ശ്രുതിക്കായി നകുല്‍ ഓര്‍ഡര്‍ ചെയ്തത്.