കെ.സുരേന്ദ്രനെ ജയിലിലടച്ചതിന് സി.പി.എമ്മിനോട് പകരം ചോദിക്കാന്‍ ഒരുങ്ങി ബി.ജെ.പി; നീക്കം കേസുകള്‍ പുറത്തുകൊണ്ടുവന്ന് ജനപ്രതിനിധികളെ അയോഗ്യരാക്കാന്‍

single-img
14 December 2018

കൊച്ചി: കെ. സുരേന്ദ്രനെ കേസില്‍ കുടുക്കി വലച്ചതിന് പകരം ചോദിക്കാന്‍, സി.പി.എം. നേതാക്കളുടെ കേസുകള്‍ ബി.ജെ.പി. തിരയുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിച്ച നേതാക്കള്‍ കേസ് മറച്ചുവച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മിഷന് സത്യവാങ്മൂലം സമര്‍പ്പിച്ചത് പുറത്തുകൊണ്ടുവരാനാണ് നീക്കം.

സി.പി.എം നേതാക്കളുടെ കേസ് വിവരങ്ങള്‍ ശേഖരിക്കാന്‍ ബി.ജെ.പി ജില്ലാ കമ്മിറ്റികളെയാണ് പാര്‍ട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്. ജനപ്രതിനിധികള്‍ കേസുകളുടെ കൃത്യമായ കണക്ക് തിരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച ഡിക്ലറേഷന് സമര്‍പ്പിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബി.ജെ.പിയുടെ പുതിയ നീക്കം.

ഡിക്ലറേഷനില്‍ പറഞ്ഞിരിക്കുന്നത് തെറ്റാണെന്ന് കണ്ടാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കും. കമ്മിഷനില്‍നിന്ന് ഉചിതമായ നടപടി ഉണ്ടായില്ലെങ്കില്‍ നിയമ നടപടി ആരംഭിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. ബി.ജെ.പി. ന്യൂനപക്ഷ മോര്‍ച്ച ദേശീയ സെക്രട്ടറി കെ.വി. സാബുവിന്റെ നേതൃത്വത്തിലാണ് കേസുകളുടെ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുന്നത്.

കെ. സുരേന്ദ്രനെതിരെ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലായി കിടന്നിരുന്ന കേസുകളെല്ലാം കണ്ടെത്തി അദ്ദേഹത്തെ കോടതികളില്‍ നിന്ന് കോടതിയിലേക്കും ജയിലില്‍നിന്ന് ജയിലിലേക്കും കൊണ്ടുപോയതിനു പിന്നിലെ സി.പി.എം. ഗൂഢാലോചനയ്ക്ക് തിരിച്ചടി നല്‍കാനാണ് ബി.ജെ.പി. ലക്ഷ്യമിടുന്നത്.