പ്രളയത്തെത്തുടര്‍ന്ന് നിശ്ചലമായ കേരള ടൂറിസം വീണ്ടും സജീവമാകുന്നു

single-img
14 December 2018

പ്രളയത്തെ തുടര്‍ന്ന് നിശ്ചലമായ സംസ്ഥാന ടൂറിസം മേഖല പതിയെ ഉണരുന്നു. യുകെയില്‍ നിന്നുള്ള ആയിരത്തിനടുത്തുള്ള വിനോദസഞ്ചാരികളുമായി മൂന്ന് ചാര്‍ട്ടേട് ഫ്‌ലൈറ്റുകളാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. എറണാകുളം ആലപ്പുഴ ജില്ലകളിലെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്നത്.

പ്രളയത്തിന് ശേഷം ആദ്യമായാണ് വിനോദസഞ്ചാരികളില്‍ ഇത്രയധികം വര്‍ദ്ധനവ് ഉണ്ടാകുന്നത്. സംസ്ഥാനത്തെ പ്രളയം ഏറ്റവും ദോഷകരമായി ബാധിച്ചത് ടൂറിസം മേഖലയിലെ ബിസ്നസ്സിനെയാണ്. പ്രളയത്തിനു ശേഷം ഉണ്ടായേക്കാവുന്ന മാലിന്യപ്രശ്നങ്ങളും പകര്‍ച്ചവ്യാധികള്‍ പടരുമെന്ന ഭീതിയും സഞ്ചാരികളുടെ വരവ് ക്രമാതീതമായി കുറച്ചിരുന്നു.

എന്നാല്‍ ഈ സീസണില്‍ ടൂറിസ്റ്റുകളുടെ വരവില്‍ വര്‍ദ്ധനവുണ്ടാകുന്നു. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ സഞ്ചാരികള്‍ക്ക് ഊഷ്മളമായ സ്വീകരണമാണ് എറണാകുളം ജില്ലാ ടൂറിസം കൗണ്‍സില്‍ ഒരുക്കിയത്.

കൊച്ചി മുസിരിസ് ബിനാലെയാണ് വിനോദ സഞ്ചാരികളുടെ പ്രധാനമായ ആകര്‍ഷണം. കൊച്ചി കായലില്‍ ബോട്ട് യാത്ര, ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, മറൈന്‍ഡ്രൈവ്, ബ്രോഡ് വേ എന്നിവിടങ്ങളില്‍ വാക്കിംഗ് ടൂര്‍, ഇവയൊക്കെയാണ് വിനോദസഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. കൂടാതെ വൈക്കം, കുമ്പളങ്ങി തുടങ്ങിയ ടൂറിസം ഗ്രാമങ്ങളിലും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.