അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി; സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി

single-img
14 December 2018

രാജസ്ഥാന്‍ കോണ്‍ഗ്രസിലെ ജനകീയ നേതാവ് അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രിയാകും. നാല്‍പ്പത്തിയൊന്നുകാരനായ സച്ചിന്‍ പൈലറ്റ് ആണ് ഉപമുഖ്യമന്ത്രി. അതേസമയം രാജസ്ഥാന്‍ പിസിസി അധ്യക്ഷസ്ഥാനത്ത് സച്ചിന്‍ പൈലറ്റ് തുടരും.

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ രണ്ടുപേരുടെയും സാന്നിധ്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം പ്രഖ്യാപിച്ചു. ജയ്പൂര്‍ മെട്രോ അടക്കം വികസനത്തിന് ഊന്നല്‍ നല്‍കുമെന്ന് അശോക് ഗെലോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാഹുല്‍ഗാന്ധിയുടെ വസതിയിലെത്തിയ അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും കോണ്‍ഗ്രസ് അധ്യക്ഷനുമായി നേരത്തെ കൂടിക്കാഴ്ച നടത്തി. ഇരുവരും ഉടന്‍ ജയ്പൂരിലേക്ക് മടങ്ങും. വൈകിട്ട് കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം ചേരുമെന്നാണ് വിവരം.

രാജസ്ഥാനില്‍ അധികാരം ഉറപ്പിച്ചതിന് പിന്നാലെ ഗെഹ്‌ലോട്ടും പൈലറ്റും മുഖ്യമന്ത്രി പദത്തിനായുള്ള ചരടുവലികള്‍ സജീവമാക്കിയിരുന്നു. കോണ്‍ഗ്രസിന് രാജസ്ഥാനില്‍ മുന്‍തൂക്കമെന്ന് ഫലസൂചന വന്നു തുടങ്ങിയപ്പോള്‍ മുതല്‍ പൈലറ്റ് അനുകൂലികള്‍ അദ്ദേഹത്തിനായി തെരുവുകളില്‍ മുദ്രാവാക്യം വിളി തുടങ്ങിയിരുന്നു.

അടുത്ത മുഖ്യമന്ത്രി പൈലറ്റാണെന്ന് പ്രഖ്യാപിച്ചു കൊണ്ടായിരുന്നു അനുകൂലികള്‍ ആഹ്ലാദ പ്രകടനം നടത്തിയത്. എന്നാല്‍ സംസ്ഥാന കോണ്‍ഗ്രസിന്റെ ജനകീയ മുഖവും മുതിര്‍ന്ന നേതാവുമായി ഗെഹ്‌ലാട്ടിനെ അങ്ങനെ എഴുതിത്തള്ളാന്‍ പാര്‍ട്ടി നേതൃത്വത്തിനായില്ല.

നേരിയ ഭൂരിപക്ഷത്തില്‍ ബിജെപി വിരുദ്ധരെ ഒപ്പം കൂട്ടി സര്‍ക്കാര്‍ കൊണ്ടു നടക്കാന്‍ പ്രാപ്തനാണെന്ന് നേരത്തെ ഗെഹ്‌ലോട്ട് തെളിയിച്ചിട്ടുണ്ട്. രണ്ടു പകല്‍ നീണ്ട ചര്‍ച്ചകള്‍ക്കും ആകാംക്ഷകള്‍ക്കും ഒടുവില്‍ രാജസ്ഥാന്‍ കടമ്പ കോണ്‍ഗ്രസ് കടന്നത്.