വിജയ് മല്യയെ കള്ളനെന്നു വിളിക്കരുതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

single-img
14 December 2018

ഇന്ത്യന്‍ ബാങ്കുകളില്‍ 9000 കോടി രൂപയുടെ തട്ടിപ്പുനടത്തി മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയെ കള്ളനെന്നു വിളിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. നാലു പതിറ്റാണ്ടോളം നീളുന്ന വ്യവസായ ചരിത്രമുള്ള മല്യ ഇത്രയും കാലം സാമ്പത്തിക ക്രമക്കേടുകളൊന്നും നടത്തിയിട്ടില്ലെന്നും കടക്കെണിയില്‍പ്പെട്ടതു കൊണ്ട് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്ന വ്യക്തിയെ കള്ളനെന്ന് മുദ്രകുത്തുന്നത് ന്യായീകരിക്കാനാകില്ലെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

മല്യ 40 വര്‍ഷത്തോളം വായ്പകള്‍ കൃത്യമായി തിരിച്ചടച്ചിരുന്നു. വ്യോമയാന മേഖലയിലേക്കു കടന്നതിനു പിന്നാലെ അദ്ദേഹത്തിനു പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നു. ഉടന്‍ തന്നെ എങ്ങനെ ഒരാളെ കള്ളനെന്നു വിളിക്കാന്‍ കഴിയും. 40 വര്‍ഷത്തോളം വായ്പകള്‍ കൃത്യമായി തിരിച്ചടച്ചിരുന്ന ഒരാള്‍ ഒരിക്കല്‍ മാത്രം ചെറിയ വീഴ്ച വരുത്തി. അപ്പോള്‍ എല്ലാം തട്ടിപ്പാണെന്നാണു പറയുന്നത്. ഈ മനഃസ്ഥിതി അത്ര ശരിയായ ഒന്നല്ലെന്നും ഗഡ്കരി പറഞ്ഞു. ടൈംസ് ഗ്രൂപ്പ് സംഘടിപ്പിച്ച സാമ്പത്തിക ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതൊരു ബിസിനസിലും ഉയര്‍ച്ച താഴ്ചകള്‍ സ്വാഭാവികമാണ്. ആര്‍ക്കെങ്കിലും വീഴ്ചയുണ്ടാകുന്നുണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയായും പിന്തുണ അര്‍ഹിക്കുന്നുണ്ട്. ബാങ്കിങ്ങോ ഇന്‍ഷുറന്‍സോ ആകട്ടെ എന്തിലും ഉയര്‍ച്ചയും താഴ്ചയുമുണ്ടാകും. നീരവ് മോദിയെ വിജയ് മല്യയോ തട്ടിപ്പു നടത്തിയിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അവരെ ജയിലിലേക്ക് അയയ്ക്കണം. എന്നാല്‍ സാമ്പത്തികമായി വീഴ്ച സംഭവിച്ചാലുടന്‍ ഒരാളെ തട്ടിപ്പുകാരനെന്നു മുദ്രകുത്തിയാല്‍ നമ്മുടെ സമ്പദ് വ്യവസ്ഥയ്‌ക്കൊരിക്കലും ഉയര്‍ച്ചയുണ്ടാകില്ലെന്നും ഗഡ്കരി പറഞ്ഞു.