കോണ്‍ഗ്രസിന്റെ നുണ പ്രചാരണങ്ങള്‍ പൊളിഞ്ഞെന്ന് അമിത് ഷാ; റിവ്യൂ ഹര്‍ജിയുടെ കാര്യം ആലോചിക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍

single-img
14 December 2018

റഫാല്‍ യുദ്ധ വിമാന കരാറിനെ സംബന്ധിച്ച കോണ്‍ഗ്രസിന്റെ നുണ പ്രചാരണങ്ങള്‍ പൊളിഞ്ഞെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. റഫാലില്‍ അഴിമതി നടന്നിട്ടില്ല. ബാലിശമായ ആരോപണങ്ങളാണ് കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനെതിരെ ഉന്നയിച്ചത്. സുപ്രീംകോടതി വിധിയോടെ ഇവയെല്ലാം പൊളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ ഉറവിടം വെളിപ്പെടുത്തണം. കോണ്‍ഗ്രസ് തെറ്റായ വിവരങ്ങള്‍ നല്‍കി രാഷ്ട്രീയം കളിക്കുകയായിരുന്നുവെന്നും സത്യം എന്നും വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കു വേണ്ടിയാണ് റഫാല്‍ കരാറിനെ മോശമാക്കാന്‍ ശ്രമിച്ചതെന്ന ചോദ്യം തെളിഞ്ഞുവരികയാണ്. ഇക്കാര്യം അറിയേണ്ടത് ഇന്ത്യയെ സംബന്ധിച്ച് പ്രധാനമാണെന്നും അമിത് ഷാ വ്യക്തമാക്കി.

അതേസമയം റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയോട് യോജിക്കാനാകില്ലെന്ന് മുതിര്‍ന്ന അഭിഭാഷകനും ഹര്‍ജിക്കാരിലൊരാളുമായ പ്രശാന്ത് ഭൂഷണ്‍. ‘ഞങ്ങളുടെ അഭിപ്രായത്തില്‍ സുപ്രീംകോടതി വിധി തെറ്റായ ഒന്നാണ്. പോരാട്ടത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ല. റിവ്യൂ ഹരജി നല്‍കുന്ന കാര്യത്തില്‍ കൂടിയാലോചിച്ച് തീരുമാനിക്കും’. മുന്‍ കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളുമായ യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂരിയും പ്രശാന്ത് ഭൂഷണിനൊപ്പം ഹരജി നല്‍കിയിരുന്നു.