മഹാരാഷ്ട്ര മുഖ്യമന്ത്രി ഫട്‌നാവിസിനെ അയോഗ്യനാക്കുമോ?; സുപ്രീംകോടതി നോട്ടീസ് അയച്ചു

single-img
13 December 2018

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് സുപ്രീം കോടതിയുടെ നോട്ടീസ്. ഫഡ്‌നാവിസിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനും സാമൂഹികപ്രവര്‍ത്തകനുമായ സതീഷ് ഉകേ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നടപടി.

2014ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചപ്പോള്‍, പേരിലുള്ള ക്രിമിനല്‍ കേസുകള്‍ ഫഡ്‌നാവിസ് മറച്ചുവച്ചെന്നും ഇക്കാരണം മുന്‍നിര്‍ത്തി അദ്ദേഹത്തെ അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ടാണ് സതീഷ് കോടതിയെ സമീപിച്ചത്.

2015 ല്‍ ഹര്‍ജിയുമായി നാഗ്പൂര്‍ ഫസ്റ്റ്ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയെയാണ് സതീഷ് ആദ്യം സമീപിച്ചത്. മജിസ്‌ട്രേറ്റ് കോടതി ഹര്‍ജി തള്ളി. ഇതിനെതിരെ നല്‍കിയ അപ്പീലില്‍ ഹര്‍ജി പു:നപരിശോധിക്കാന്‍ മജിസ്‌ട്രേറ്റ് കോടതിക്ക് സെഷന്‍സ് കോടതി നിര്‍ദേശം നല്‍കി.

സെഷന്‍സ് കോടതിയുടെ പു:നപരിശോധന ഉത്തരവിന് എതിരെ ഫട്‌നാവിസ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിനെ സമീപിച്ചു. മജിസ്‌ട്രേറ്റ് കോടതി വിധിയെ ഹൈക്കോടതി ശരിവെക്കുകയാണ് ചെയ്തത്. ഇതെ തുടര്‍ന്നാണ് സതീഷ് ഉകേ സുപ്രീം കോടതിയെ സമീപിച്ചത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതികരണം ആവശ്യപ്പെട്ട് ഫഡ്‌നാവിസിന് നോട്ടീസ് അയച്ചത്.

സൊഹ്‌റാബുദ്ദീന്‍ കേസിലെ പ്രത്യേക സി.ബി.െഎ കോടതി ജഡ്ജിയായിരുന്ന ബി.എച്ച് ലോയയയുടെത് കൊലപാതകമാണെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഹര്‍ജികള്‍ നല്‍കിയവരില്‍ ഒരാളാണ് സതീഷ് ഉകേ.