യോഗി പ്രചാരണം നടത്തിയ ഭൂരിപക്ഷം സീറ്റുകളിലും ബി.ജെ.പി തോറ്റു

single-img
12 December 2018

യോഗി ആദിത്യനാഥ് പ്രചരണത്തിനെത്തിയ മണ്ഡലങ്ങളില്‍ ഭൂരിഭാഗത്തിലും ബിജെപി തോറ്റു. സ്റ്റാര്‍ കാമ്പയിനറായ യോഗി പ്രചാരണം നടത്തിയ മണ്ഡലങ്ങളില്‍ 50 ശതമാനത്തിലും ബി.ജെ.പി തോല്‍വി രുചിച്ചു. പല സിറ്റിങ് സീറ്റുകളിലും യോഗി ആദിത്യനാഥ് എത്തിയിട്ടും ബി.ജെ.പിക്ക് ജയിക്കാനായില്ല.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലായി 63 മണ്ഡലങ്ങളിലാണ് യോഗി പ്രചാരണം നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി പോലും ഇത്രയും റാലികളില്‍ സംസാരിച്ചിരുന്നില്ല. മധ്യപ്രദേശില്‍ യോഗി പ്രചാരണം നടത്തിയ 21 സീറ്റുകളില്‍ 15 എണ്ണത്തില്‍ മാത്രമാണ് ബി.ജെ.പിക്ക് ജയിക്കാനായത്.

രാജസ്ഥാനില്‍ യോഗിയെത്തിയ 22 സീറ്റുകളില്‍ 11 എണ്ണത്തില്‍ മാത്രമാണ് ബി.ജെ.പി ജയിച്ചത്. ഹിന്ദുത്വ രാഷ്ട്രീയത്തിലും രാമക്ഷേത്രത്തിലും ഊന്നിയിരുന്നു യോഗിയുടെ പ്രചാരണം. എന്നാല്‍, ഇത്തരം പ്രചാരണങ്ങളെല്ലാം നെഗറ്റീവായാണ് സ്വാധീനിച്ചത്.

ബി.ആര്‍.ഡി മെഡിക്കല്‍ കോളേജിലെ നവജാത ശിശുക്കളുടെ മരണം, യു.പിയിലെ ക്രമസമാധാന നിലയുടെ തകര്‍ച്ച തുടങ്ങിയ വിഷയങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തിയതോടെ യോഗിയുടെയും ബി.ജെ.പിയുടെയും നില പരുങ്ങലിലായി. നരേന്ദ്ര മോദിക്കൊപ്പം ബി.ജെ.പി ഉയര്‍ത്തികാട്ടുന്ന തീവ്രഹിന്ദുത്വ മുഖമാണ് യോഗിയുടേത്.

2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മോദിക്കൊപ്പം യോഗി ആദിത്യനാഥിനെയും പ്രചാരണത്തില്‍ സജീവമാക്കാനുള്ള നീക്കങ്ങളുമായി ബി.ജെ.പി മുന്നോട്ട് പോകുന്നതിനിടെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് തിരിച്ചടിയാവുന്നത്. യോഗിയുടെ പ്രകോപന പ്രസംഗങ്ങള്‍ വോട്ടര്‍മാര്‍ക്കിടയില്‍ ധ്രുവീകരണത്തിനിടയാക്കി എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.