വനിതാ മതിലുമായി തുഷാര്‍ വെള്ളാപ്പള്ളി സഹകരിച്ചില്ലെങ്കില്‍ എസ്എന്‍ഡിപിയില്‍ നിന്ന് പുറത്താക്കും; നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി നടേശന്‍

single-img
12 December 2018

വനിതാമതിലില്‍ പങ്കെടുത്തില്ലെങ്കില്‍ തുഷാറിനെ എസ്.എന്‍.ഡി.പിയില്‍ നിന്ന് പുറത്താക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍. ബിഡിജെഎസ് വനിതാ മതിലിനെ എതിര്‍ത്തിട്ടില്ല. ബിഡിജെഎസ് സഹകരിക്കുമോയെന്ന് അവരോടു ചോദിക്കണം. തുഷാര്‍ വെള്ളാപ്പള്ളി എസ്എന്‍ഡിപി യോഗത്തിന്റെ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ യോഗത്തില്‍ പങ്കെടുത്തു.

എന്‍എസ്എസിനു മാന്യതയും മര്യാദയുമുണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കണമായിരുന്നു. യോഗത്തില്‍ പങ്കെടുക്കാതെ വീട്ടില്‍ കയറിയിരുന്ന് അഭിപ്രായം പറയുകയാണ്. ഒരു മുന്നോക്ക നേതാവ് പറഞ്ഞാല്‍ മാത്രം വനിതാ മതിലില്‍ നിന്ന് മുന്നോക്ക വിഭാഗങ്ങള്‍ മാറി നില്‍ക്കില്ല.

എസ്എന്‍ഡിപി യോഗത്തിന്റെ എല്ലാ തലത്തിലുമുള്ള പ്രവര്‍ത്തകരും യോഗത്തിന്റെ കീഴിലുള്ള സ്‌കൂള്‍, കോളജ് എന്നിവയില്‍ നിന്നുള്ളവരും പങ്കെടുക്കും. ആരെയും നിര്‍ബന്ധമായി പങ്കെടുപ്പിക്കില്ല. രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും പങ്കാളികളാകണം. ഇതര മത സംഘടനകളേയും വനിതാ മതിലിലേക്കു സ്വാഗതം ചെയ്യുന്നു.

എസ്എന്‍ഡിപി യോഗം ആരുടേയും തടവറയില്‍ അല്ല. മൈക്രോ ഫിനാന്‍സ് കേസിനെ ഇതുമായി കൂട്ടിക്കെട്ടേണ്ട. സര്‍ക്കാരിനു പ്രശ്‌നാധിഷ്ടിത പിന്തുണ നല്‍കും. സര്‍ക്കാര്‍ നല്ലതു ചെയ്താല്‍ പിന്തുണയ്ക്കും. മറിച്ചായാല്‍ എതിര്‍ക്കും. പ്രതിപക്ഷം ബഹിഷ്‌കരിച്ച നടപടി ശരിയായില്ല.

നവോത്ഥാന പ്രസ്ഥാനങ്ങളില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന എസ്എന്‍ഡിപി യോഗം വനിതാ മതിലില്‍ നിന്നു മാറി നിന്നാല്‍ ചരിത്രം ഞങ്ങളെ മണ്ടന്മാരെന്നു വിളിക്കും. കേന്ദ്രസര്‍ക്കാരില്‍ നിന്നു ഗുണത്തിനും ദോഷത്തിനും എസ്എന്‍ഡിപി പോയിട്ടില്ല. കേന്ദ്ര സര്‍വകലാശാലയ്ക്ക് ഗുരുവിന്റെ പേരിടണമെന്ന ഒരാവശ്യം മാത്രമേ ഉന്നയിച്ചിരുന്നുള്ളു. അതു സാധിക്കാത്തതില്‍ ദുഃഖമുണ്ട്.

അഞ്ചു സംസ്ഥാനങ്ങളിലെ ഫലം ബിജെപിക്കു വലിയ തിരിച്ചടിയാണ്. കോണ്‍ഗ്രസിന് ഉണര്‍വുണ്ടായിട്ടുണ്ടെന്നും വെള്ളാപ്പള്ളി ആലപ്പുഴയില്‍ പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷിക്കുന്നതിനിടെ കോഴിക്കോട് മാന്‍ഹോളില്‍ വീണ് മരിച്ച നൗഷാദിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കിയതിനെ വിമര്‍ശിച്ച തന്റെ നിലപാടില്‍ മാറ്റമില്ലെന്നും വെള്ളാപ്പളളി നടേശന്‍ പറഞ്ഞു.