തെലങ്കാനയിലെ ബി.ജെ.പിയുടെ ഏക വിജയി; പക്ഷേ രാജാ സിങ് ലോധിനെതിരെയുള്ളത് അറുപതോളം കേസുകള്‍

single-img
12 December 2018

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ ബി.ജെ.പിയുടെ ഏക ആശ്വാസം ഹൈദരാബാദിലെ ഗോഷാമഹല്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ച ടി. രാജാ സിങ് ലോധാണ്. വര്‍ഗീയ, വിദ്വേഷ പ്രസംഗങ്ങളിലൂടെ ബി.ജെ.പിയില്‍ ശ്രദ്ധാകേന്ദ്രമായിരുന്നു രാജാ സിങ്.

119 അംഗ നിയമസഭയില്‍ കെ ചന്ദ്രശേഖര്‍ റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതി 88 സീറ്റുകളുമായി ഭൂരിപക്ഷം നേടിയപ്പോള്‍ കോണ്‍ഗ്രസിന് 21 സീറ്റും എ.ഐ.എം.ഐ.എമ്മിന് ഏഴു സീറ്റും ലഭിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി തെലങ്കാനയില്‍ മുഖ്യ പ്രചാരകനായി ഇറക്കിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അനുഗ്രഹത്തോടെ ജനവിധി തേടിയ ലോധ്, വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ കുപ്രസിദ്ധനായിരുന്നു.

സമാനമനസ്‌കരായതു കൊണ്ടാകണം ഇരുവരും മത്സരിച്ച് പ്രചാരണം നടത്തി. ലോധിന്റെ ഗോഷാമഹല്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തുകൊണ്ടാണ് യോഗി ആദിത്യനാഥ്, ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കുമെന്ന് പ്രഖ്യാപിച്ചത്.

ഇതിന് മുമ്പ് ശിഷ്യനും ഇതേ പ്രഖ്യാപനം നടത്തിയിരുന്നു. നവമാധ്യമങ്ങളില്‍ ഇതിനെതിരെ കടുത്ത വിമര്‍ശമാണ് അന്ന് ഉയര്‍ന്നത്. നിലവില്‍ 60 ലേറെ കേസുകളാണ് ലോധിനെതിരെയുള്ളത്. ഇതില്‍ ഭൂരിപക്ഷവും വിദ്വേഷ പ്രസംഗങ്ങളുടെയും വര്‍ഗീയ പരാമര്‍ശങ്ങളുടെയും പേരിലുള്ളതാണ്.

തെലങ്കാനയില്‍ 119 സീറ്റുകളില്‍ 118 ഇടത്തും ബി.ജെ.പി സ്വന്തം സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചിരുന്നു. സീറ്റ് തലത്തില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ആയിട്ടില്ലെങ്കിലും ബി.ജെ.പിക്ക് സംഘടനാ സംവിധാനം ശക്തമായുള്ള സംസ്ഥാനമാണ് തെലങ്കാന. ഇവിടെ ബി.ജെ.പിയുടെ വേരുറപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയ വമ്പന്‍മാരായിരുന്നു രംഗത്തുണ്ടായിരുന്നത്. എന്നാല്‍ ജനവിധി തിരിച്ചടിയുടെ രൂപത്തിലായെന്ന് മാത്രം.