അര്‍ധരാത്രി വരെ നീണ്ടു നിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മധ്യപ്രദേശ് ഇനി കോണ്‍ഗ്രസ് ഭരിക്കും

single-img
12 December 2018

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ചെറു കക്ഷികളെയും സ്വതന്ത്രരെയും കൂടെക്കൂട്ടി സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങി.  വോട്ടെടുപ്പിലെ അനിശ്ചിതത്വം അവസാനിക്കുന്നതു വരെ കാത്തിരിക്കാതെ നടത്തിയ അണിയറ നീക്കങ്ങള്‍ക്കൊടുവില്‍ മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ഗവര്‍ണറെ സമീപിച്ചു.

 230 അംഗ നിയമസഭയില്‍ ഭരിക്കാന്‍ വേണ്ട 116 എന്ന മാന്ത്രികസഖ്യയിലെത്തിയിലെങ്കിലും ബി എസ് പി , എസ് പി എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം നല്‍കണമെന്ന് കാണിച്ച് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. വിജയം ഉറപ്പിച്ച 114 സീറ്റുകള്‍ കൂടാതെ  ജയിച്ച രണ്ട് സീറ്റുകളും എസ്.പി ജയിച്ച ഒരു സീറ്റുമടക്കം 117 എംഎല്‍എമാരുടെ പിന്തുണയാണ് ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളത്. 

തുടക്കം മുതല്‍ ഒടുക്കം വരെ അനിശ്ചിതത്വവും ആകാംക്ഷയും നിറഞ്ഞ വോട്ടെണ്ണല്‍. കോണ്‍ഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പം. ഇടവേളകളില്‍ 116 എന്ന മാന്ത്രിക സംഖ്യ തൊട്ട് ഇരു കക്ഷികളും. ആരവങ്ങള്‍ അടുത്ത നിമിഷം ആകാംക്ഷക്ക് വഴി മാറി. ഒടുവില്‍ 115 സീറ്റ് നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി.

മധ്യപ്രദേശില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോണ്‍ഗ്രസ്

ഭരണ കക്ഷിയായ ബി.ജെ.പി 108 സീറ്റുമായി തൊട്ടുപിന്നില്‍.  ചിത്രം വ്യക്തമായ പിന്നാലെ രാത്രി 11 മണിയോടെ തന്നെ പി.സി.സി അധ്യക്ഷന്‍ കമല്‍നാഥ് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശമുന്നയിച്ച് ഗവര്‍ണര്‍ക്ക് കത്തയച്ചു. മറ്റ് സ്വതന്ത്രരുടെ പിന്തുണ ഉറപ്പായെന്നും കത്തില്‍ വ്യക്തമാക്കി. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ അറിയിപ്പ് കിട്ടിയ ശേഷമേ കൂടിക്കാഴ്ചക്ക് അവസരം നല്‍കുവെന്നാണ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ മറുപടി നല്കിയത്. എസ്.പി നേരത്തെ തന്നെ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.