മോഹന്‍ലാലിന്റെ ഡ്രൈവറായ കഥ പറഞ്ഞ് ആന്റണി പെരുമ്പാവൂര്‍

single-img
12 December 2018

മൂന്ന് പതിറ്റാണ്ടിലേറെയായി ആന്റണി പെരുമ്പാവൂര്‍ മോഹന്‍ലാല്‍ എന്ന വിസ്മയത്തിന്റെ നിഴലായി മാറിയിട്ട്. സിനിമാലോകത്തെ അതിശയിപ്പിച്ച ഈ കൂട്ടുകെട്ടിന് തുടക്കമായത് ആകസ്മികമായിട്ടായിരുന്നുവെന്ന് ഭാഷാപോഷിണിയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തി. സത്യന്‍ അന്തിക്കാടിന്റെ പട്ടണപ്രവേശം എന്ന സിനിമയുടെ സെറ്റിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്.

ആന്റണി പെരുമ്പാവൂരിന്റെ വാക്കുകള്‍

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പട്ടണപ്രവേശം എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു അത്. പല താരങ്ങള്‍ക്കു വേണ്ടിയും ഓടിക്കൊണ്ടിരിക്കെ ഒരു ദിവസം കൊച്ചി അമ്പലമുകളിലെ വീട്ടില്‍ പോയി മോഹന്‍ലാലിനെ കൊണ്ടുവരാന്‍ പറഞ്ഞു. അന്നാണ് ലാല്‍ സാറിനെ അടുത്തു കാണുന്നത്.

യാത്രയില്‍ ഒരക്ഷരം പോലും സംസാരിച്ചില്ല. സെറ്റിലെത്തി ഡോര്‍ തുറന്നു കൊടുക്കാന്‍ ഓടിയെത്തിയപ്പോഴേക്കും ലാല്‍ സാര്‍ തന്നെ തുറന്നിറങ്ങിപ്പോയി. അന്നുമുതല്‍ ലാല്‍ സാറിനെ കൊണ്ടുവരുന്ന ജോലി എനിക്കായി. സത്യന്‍ അന്തിക്കാട് സാറിനോടു ചോദിച്ചു വാങ്ങി എന്നു പറയുന്നതാണു സത്യം.

തൊട്ടടുത്ത ദിവസം വീട്ടിലെത്തി കാറില്‍നിന്നു ഇറങ്ങുമ്പോള്‍ ലാല്‍ സാര്‍ ചോദിച്ചു, ‘ആന്റണി ഭക്ഷണം കഴിച്ചോ. ആന്റണിക്കു ഇവിടെനിന്നു കഴിക്കാം.’ ഇല്ല, സര്‍. സെറ്റില്‍ പോയി കഴിച്ചോളാം. അതായിരുന്നു ആദ്യത്തെ വാക്ക്. അദ്ദേഹത്തിനു എന്റെ പേര് അറിയാമായിരുന്നു എന്നതു തന്നെ അത്ഭുതമായിരുന്നു.

ആ ഷൂട്ടിങ്ങ് കഴിഞ്ഞു യൂണിറ്റ് മടങ്ങി. മൂന്നാംമുറ എന്ന സിനിമയുടെ ഷൂട്ടിങ്ങ് അമ്പലമേട്ടില്‍ നടക്കുമ്പോള്‍ കൂട്ടുകാരുടെ മുമ്പില്‍ ആളാകാന്‍ വേണ്ടി അവരെയു കൂട്ടി ലാല്‍ സാറിനെ കാണാന്‍ വേണ്ടി പോയി. സെറ്റില്‍ കടക്കാന്‍ പോലും പറ്റില്ലെന്ന് എനിക്കറിയാമായിരുന്നു.

കുറെ നേരം ആള്‍ക്കൂട്ടത്തില്‍ കാത്തു നില്‍ക്കുന്നതിനിടയില്‍ ഉച്ചയ്ക്കു മൂന്നുമണിയോടെ ഒരു കെട്ടിടത്തിനു അകത്തു നിന്നു ലാല്‍ സാര്‍ എന്നെ കൈ കാണിച്ചു വിളിച്ചു. അന്തം വിട്ടുപോയി. ഇനിയും എന്നെ മറന്നില്ല. സെറ്റിനു നടുവിലൂടെ ആള്‍ക്കൂട്ടത്തില്‍ നിന്നിറങ്ങി ഞാന്‍ ഓടുകയായിരുന്നു.

‘വണ്ടി കൊണ്ടു വന്നിട്ടുണ്ടോ ആന്റണീ. ‘ഇല്ല. ‘നാളെ എടുത്തിട്ടു വരാമോ. നമുക്ക് ഓടാം’ പ്രൊഡക്ഷന്‍ മാനേജര്‍ സെവനാര്‍ട്‌സ് മോഹനേട്ടനെ വിളിച്ചു ഈ വണ്ടി കൂടി ഓടിക്കോട്ടെ എന്നു പറഞ്ഞു. ഷൂട്ടിങ്ങ് തീരുന്നതിനു മുമ്പ് ലാല്‍ സാര്‍ ചോദിച്ചു, ആന്റണി എന്റെ കൂടെ വരുന്നോ എന്ന്.

വരാം സാര്‍ എന്നു മാത്രം പറഞ്ഞു. ആ വിവരം ഞാന്‍ ആരോടും പറഞ്ഞില്ല. കാരണം അതു വിശ്വസിക്കാവുന്നതിലും അപ്പുറമായിരുന്നു. ഒരു കുഗ്രാമത്തില്‍നിന്നു വന്ന ഞാന്‍ ലാല്‍ സാറിന്റെ വണ്ടിയുടെ ഡ്രൈവറാകുന്നു എന്നതു എനിക്കുതന്നെ വിശ്വസിക്കാനായില്ല. എത്ര കഷ്ടപ്പെട്ടാലും ലാല്‍ സാറിന്റെ സിനിമകള്‍ ആദ്യ ഷോ കണ്ടിരുന്നു. ആ മനുഷ്യനാണു വരുന്നോ എന്നു ചോദിച്ചത്. പോകുന്നതിന്റെ രണ്ടു ദിവസം മുമ്പാണു വീട്ടില്‍ പോലും പറഞ്ഞത്.

ലാല്‍ സാര്‍ സങ്കടപ്പെടുന്നതു പല തവണ കണ്ടിട്ടുണ്ട്. ഒരു തവണ മാത്രമെ തകര്‍ന്നതായി തോന്നിയിട്ടുള്ളു. ചെന്നൈയിലെ വീട്ടില്‍ താമസിക്കുമ്പോള്‍ വെളുപ്പിന് രണ്ടു മണിക്ക് എന്റെ മുറിയുടെ വാതില്‍ തട്ടി വിളിച്ചു പറഞ്ഞു, ജ്യേഷ്ഠന്‍ പ്യാരേലാല്‍ മരിച്ചുവെന്ന്. കരഞ്ഞില്ലെങ്കിലും തകര്‍ന്നുപോയതായി എനിക്കു മനസിലായി.

തിരിച്ചുള്ള യാത്രയില്‍ മുഴുവന്‍ സമയവും മിണ്ടാതിരുന്നു. ഒരിക്കല്‍പ്പോലും എന്നോട് അതേക്കുറിച്ചു സംസാരിച്ചിട്ടില്ല. ഒരു മരണത്തില്‍പ്പോലും ലാല്‍ സാര്‍ കരയുന്നതായി കണ്ടിട്ടില്ല. പത്മരാജന്‍ സാര്‍, ഭരതന്‍സാര്‍, ഐ.വി.ശശി സാര്‍, ലോഹി സാര്‍, ടി.ദാമോദരന്‍ സാ , ആലുമൂടന്‍ചേട്ടന്‍ അങ്ങിനെ പലരുടെ മരണവും ലാല്‍ സാറിനെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്.