’96’ കന്നടയിലേക്ക്; നായിക ഭാവന

single-img
12 December 2018

ബാല്യകാല പ്രണയത്തിന്റെ തീവ്രതയും അവരുടെ പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള കണ്ടുമുട്ടലും കാണികള്‍ക്ക് ഹൃദ്യമായി ദൃശ്യവല്‍ക്കരിച്ച മനോഹരമായ ചലച്ചിത്ര ഭാഷ്യമായിരുന്നു 96. മക്കള്‍സെല്‍വം വിജയ് സേതുപതി നൈരാശ്യകാമുകനായി ജീവിച്ച ചിത്രത്തില്‍ നായികയായി എത്തിയത് തമിഴ് നടി തൃഷയായിരുന്നു.

ചിത്രം റിലീസായ അന്ന് മുതല്‍ തന്നെ മറ്റ് ഭാഷകളിലേക്ക് റീമെയ്ക്ക് ചെയ്യുന്നതിനെക്കുറിച്ച് അണിയറയില്‍ ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം 96ന്റെ കന്നഡ പതിപ്പിന്റെ അനൗണ്‍സ്‌മെന്റെ നടന്നിരുന്നു. 99 എന്നാണ് ചിത്രത്തിന്റെ പേര്. തിരക്കഥാകൃത്തും സംവിധായകനുമായ പ്രീതം ഗുബ്ബി സംവിധാനം ചെയ്യുന്ന 99ലെ നായകന്‍ ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷും നായിക മലയാളി ഭാവനയുമാണ്.

അരുണ്‍ ജന്യ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത് സന്തോഷ് റായ് പതേജയാണ്.
വിവാഹനന്തരം അഭിനയം നിര്‍ത്തിയ ഭാവനയുടെ തിരിച്ചുവരവാണ് 99. റോമിയോ എന്ന ചിത്രത്തില്‍ ഭാവനയും ഗണേഷും ഒരുമിച്ച് അഭിനയിച്ചിരുന്നു. ജനുവരിയില്‍ ഷൂട്ട് തുടങ്ങാനിരിക്കുന്ന 99 മാര്‍ച്ചില്‍ റിലീസ് പ്രതീക്ഷിക്കുന്നു.