അനിശ്ചിതത്വത്തിനൊടുവില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചു

single-img
11 December 2018

മാറിമറിഞ്ഞ ലീഡ് നിലയ്‌ക്കൊടുവില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പിച്ചു. 200 അംഗ നിയമസഭയില്‍ 100 സീറ്റുകള്‍ വിജയിച്ച കോണ്‍ഗ്രസ് നിയമസഭയിലേക്ക് ജയിച്ച എട്ടോളം സ്വതന്ത്ര എംഎല്‍എമാരേയും ചേര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ്. തിരഞ്ഞെടുപ്പില്‍ ലീഡ് ചെയ്തു നില്‍ക്കുന്ന എട്ട് പേരില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസ് വിമതരാണ് എന്നതിനാല്‍ ഇവരുമായുള്ള സഖ്യം ഫലപ്രദമാക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സൂചന.

അതിനിടെ, മധ്യപ്രദേശിലെ ലീഡുനില ഓരോ മിനിറ്റിലും മാറിമറിയുന്ന കാഴ്ചയാണ്. പിന്തുണയ്ക്കുമെന്ന് ബിഎസ്പി വ്യക്തമാക്കിയതു കോണ്‍ഗ്രസിന് ആശ്വാസമാണെങ്കിലും വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് എത്താത്തത് ആശങ്കയുണര്‍ത്തുന്നുണ്ട്. എക്‌സിറ്റ് പോളുകള്‍ മധ്യപ്രദേശില്‍ ബിജെപി അധികാരത്തിലെത്തുമെന്നായിരുന്നു പ്രവചിച്ചിരുന്നത്.

അതേസമയം, ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിച്ചു. വ്യക്തമായ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് നേടിയത്. അതേസമയം, തെലങ്കാനയില്‍ ടിആര്‍എസ് അധികാരം നിലനിര്‍ത്തി. മഹാ കൂടമി സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ല. മിസോറമില്‍ കോണ്‍ഗ്രസിന്റെ പത്തു വര്‍ഷത്തെ ഭരണത്തിനാണ് മിസോ നാഷനല്‍ ഫ്രണ്ട് അന്ത്യം കുറിച്ചത്. കോണ്‍ഗ്രസ് ഇവിടെ മൂന്നാം സ്ഥാനത്താണ്. മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്‌ല മല്‍സരിച്ച രണ്ടു സീറ്റിലും പരാജയപ്പെടുകയും ചെയ്തു.