നിസ്സാന്‍ കമ്പനിയുടെ ലോകത്തിലെ ആദ്യത്തെ ഡിജിറ്റല്‍ ഹബ്ബ് കേരളത്തില്‍; കേരളം കുതിക്കുന്നത് രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമാകാനെന്ന് മുഖ്യമന്ത്രി

single-img
11 December 2018

രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമാകാനുള്ള കുതിപ്പിലാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിസാന്‍ ഡിജിറ്റല്‍ ഹബിന്റെ ഉദ്ഘാടനം ടെക്‌നോപാര്‍ക്ക് ഫേസ് 3 യില്‍ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റല്‍ ലോകത്ത് അതിന്റെ ഗുണഫലങ്ങള്‍ നേടാന്‍ ഇന്റര്‍നെറ്റില്ലാതെ സാധിക്കാത്തതിനാല്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റിനുള്ള അവകാശം പ്രഖ്യാപിച്ച സര്‍ക്കാരാണിത്.

ലോകത്തില്‍ തന്നെ നിസ്സാന്‍ കമ്പനിയുടെ ആദ്യ ഡിജിറ്റല്‍ ഹബ്ബ് കേരളത്തില്‍ തുടങ്ങുന്നത്, ഐ ടി ടെക്കനോളജിയുടെ സൗഹൃദ അന്തരീക്ഷത്തിന്റെ ഉത്തമ ഉദ്ദാഹരണമാണ്. ഡിജിറ്റല്‍ സാങ്കേതിക രംഗത്ത് വന്‍കിട കമ്പനികള്‍ക്കൊപ്പം എന്നും കേരളമുണ്ടാകും.

നൈപുണ്യ ശേഷിയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. സാമൂഹ്യമാറ്റത്തിനും പുരോഗതിക്കും ഈ കഴിവുകളും സാങ്കേതിക നല്‍കുന്ന അവസരങ്ങളും ഫലപ്രാപ്തിയില്‍ ഉപയോഗപ്പെടുത്തി സമന്വപ്പിക്കാന്‍ കേരളം പ്രതിജ്ഞാബദ്ധമാണ്.

കേരളത്തിലെ ഐ.ടി പാര്‍ക്കുകളുടെ ശേഷി 10 മില്യണ്‍ ചതുരശ്ര അടിയായി ഉയര്‍ത്തണമെന്നാണ് സര്‍ക്കാരിന്റെ ലക്ഷ്യം. രണ്ടുവര്‍ഷത്തിനുള്ളില്‍ ഇതിനകം നാലര മില്യണ്‍ സ്‌ക്വയര്‍ഫീറ്റ് എന്ന ലക്ഷ്യത്തിലെത്തിയിട്ടുണ്ട്. നിസാന്‍ ഉള്‍പ്പെടെയുള്ള ആഗോള ഐ.ടി ഭീമന്‍മാര്‍ എത്തുന്നത് ഈ ലക്ഷ്യം വേഗമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ഇന്ത്യയിലെ ജാപ്പനീസ് അംബാസഡര്‍ കെഞ്ചി ഹിരാമത്സു മുഖ്യാതിഥിയായിരുന്നു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ഡോ. ശശി തരൂര്‍ എം.പി, നിസാന്‍ കോര്‍പറേറ്റ് വൈസ് പ്രസിഡന്റ് ടോണി തോമസ് എന്നിവര്‍ സംബന്ധിച്ചു. 350 ജീവനക്കാരുമായാണ് ഡിജിറ്റല്‍ ഹബ് പ്രവര്‍ത്തനം തുടങ്ങുന്നത്. ഈ സാമ്പത്തികവര്‍ഷം തന്നെ ഇത് 500 ജീവനക്കാരാകും.