ആളും ആരവവും ഒഴിഞ്ഞ് മൂകമായി തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ്; ‘കേരളത്തിലെ ബിജെപി നേതാക്കളെ കാണ്മാനില്ലെന്ന്’ സോഷ്യല്‍ മീഡിയ

single-img
11 December 2018

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് വിശേഷിപ്പിക്കാവുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ അപ്രതീക്ഷിത തിരിച്ചടിയെക്കുറിച്ച് വിശദീകരിക്കാനാവാത്ത വിധം കുടുങ്ങിയിരിക്കുകയാണ് ബി.ജെ.പി നേതൃത്വം.

രാജ്യത്ത് ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോള്‍ പ്രാദേശികമായ പ്രശ്‌നങ്ങള്‍ മാത്രമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. അതിനിടെ, കേരളത്തിലെ ബിജെപി നേതാക്കളാരും ഇതേവരെ പ്രതികരിച്ചിട്ടില്ല.

തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവന്‍ ആളും ആരവവും ഒഴിഞ്ഞു മൂകമായി. മുന്‍ ദിവസങ്ങളില്‍ ബിജെപിയുടെ തിരുവനന്തപുരം ജില്ലയിലെ പ്രധാന നേതാക്കള്‍ ഏതുസമയത്തും തമ്പടിച്ചിരുന്ന ഇടമാണ് ഇന്ന് ആളൊഴിഞ്ഞ് അനാഥമായി മാറിയത്.

ശബരിമല വിഷയത്തില്‍ ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്റെ നിരാഹാര സമരം തിരുവനന്തപുരത്തു നടക്കുന്നതിനാല്‍ മാരാര്‍ജി ഭവനില്‍ ബിജെപി പ്രവര്‍ത്തകരുടെ തിരക്ക് ഏതുനിമിഷവുമുണ്ടായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം ബിജെപിയെ ഞെട്ടിച്ചതോടെയാണ് പ്രവര്‍ത്തകര്‍ മാരാര്‍ജി ഭവനില്‍ നിന്നും ഒഴിഞ്ഞുപോയത്.

ബിജെപി തിരിച്ചടി പ്രതീക്ഷിച്ചിരുന്നുവെങ്കിലും പ്രചരണത്തിന്റെ അവസാന ദിനങ്ങളില്‍ നേരിയ വിശ്വാസം പ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നു. അപ്രതീക്ഷിത വിജയം മുന്‍കൂട്ടി കണ്ടുകൊണ്ടാണ് പ്രവര്‍ത്തകര്‍ രാവിലെ മാരാര്‍ജി ഭവനില്‍ എത്തിയത്. എന്നാല്‍ വോട്ടെണ്ണലില്‍ കോണ്‍ഗ്രസ് മുന്നേറ്റം ഉണ്ടായതോടെ ബിജെപി പ്രവര്‍ത്തകര്‍ പിന്‍വാങ്ങുകയായിരുന്നു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ബിജെപിക്ക് വന്‍ ട്രോളുകളാണ് ലഭിക്കുന്നത്.