മുന്‍മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ അന്തരിച്ചു

single-img
11 December 2018

മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സി.എന്‍. ബാലകൃഷ്ണന്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. ന്യുമോണിയ ബാധിച്ച് 15 ദിവസമായി എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു മരണം.

തൃശൂര്‍ അയ്യന്തോളി ഉദയനഗറില്‍ ഗീതയിലായിരുന്നു താമസം. പുഴയ്ക്കല്‍ ചെമ്മങ്ങാട്ട് വളപ്പില്‍ നാരായണന്‍ എഴുത്തച്ഛന്റെയും പാറുഅമ്മയുടെയും ആറാമത്തെ മകനായി 1934 നവംബര്‍ 18നാണ് ജനിച്ചത്. വിനോബഭാവെയുടെ ദൂദന്‍ യജ്ഞത്തിലൂടെ പൊതുപ്രവര്‍ത്തന രാഷ്ട്രീയം തുടങ്ങി.

1952ല്‍ സാധാരണ പ്രവര്‍ത്തകനായി കോണ്‍ഗ്രസിലെത്തി. പ്രവര്‍ത്തനത്തിലൂടെ വളര്‍ന്ന് തുടര്‍ച്ചയായി 17 വര്‍ഷം തൃശ്ശൂര്‍ ഡി.സി.സി. പ്രസിഡന്റായിരുന്നു. ദീര്‍ഘകാലം കെ.പി.സി.സി ട്രെഷറര്‍ ആയിരുന്നു. ഖാദി ഗ്രാമവികസന അസോസിയേഷന്റെയും 30 വര്‍ഷത്തിലേറെ സംസ്ഥാന ഖാദി ഫെഡറേഷന്റെയും പ്രസിഡണ്ടായി ദീര്‍ഘകാല സേവനം കൊണ്ട് ശ്രദ്ധേയനായ രാഷ്ട്രീയ വ്യക്തിത്വമായിരുന്നു സി എന്‍ ബാലകൃഷ്ണന്റേത്.

2011ലെ തെരഞ്ഞെടുപ്പിലൂടെ നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ച് സഹകരണവകുപ്പ് മന്ത്രിയായി. പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാ മന്ദിരം എല്‍.പി. സ്‌കൂള്‍ അധ്യാപികയായിരുന്ന തങ്കമണിയായിരുന്നു ഭാര്യ. മക്കള്‍: സി.ബി. ഗീത (ഡി.സി.സി. സെക്രട്ടറിയും തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും), മിനി. മരുമകന്‍: പി.എന്‍. ബല്‍റാം (ബിസിനസ്).