ആൾക്കൂട്ട ആക്രമങ്ങളിൽ മക്കളെ നഷ്ടപ്പെടുന്നതിന്റെ ദുഃഖവും വേദനയും മോദിക്കു മനസ്സിലാകില്ല; കാരണം അദ്ദേഹത്തിനു സ്വന്തമായി കുട്ടികളില്ല: ആഞ്ഞടിച്ച് ഭീം ആർമി

single-img
10 December 2018

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനവുമായി ഭീം ആർമി അധ്യക്ഷൻ ചന്ദ്രശേഖർ ആസാദ്. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും രാജ്യമാകെ ഗോഹത്യ നിരോധിക്കണമെന്നും പ്രധാനമന്ത്രിയോട് അപേക്ഷിക്കുന്നതായി ചന്ദ്രശേഖർ പരിഹാസരൂപേണ പറഞ്ഞു.  

ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളിൽ പോലും എന്തിനാണ് ഇപ്പോഴും ഗോഹത്യ നിയമവിധേയമാക്കിയിരിക്കുന്നത്? ആൾക്കൂട്ട ആക്രമങ്ങളിൽ മക്കളെ നഷ്ടപ്പെടുന്നതിന്റെ ദുഃഖവും വേദനയും മോദിക്കു മനസ്സിലാകില്ല. കാരണം അദ്ദേഹത്തിനു സ്വന്തമായി കുട്ടികളില്ല. മന്ത്രിസഭയിലെ ഭുരിപക്ഷം പേരും ഇങ്ങനെയുള്ളവരാണ്. അതുകൊണ്ട് ഉറ്റവരെ നഷ്ടപ്പെടുന്നതിന്റെ വേദന അവർക്കു മനസ്സിലാകണമെന്നില്ല– ചന്ദ്രശേഖർ പറഞ്ഞു.

വിവിധ ‘ഭീകര സംഘടനകൾ’ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെ തകർക്കാൻ ശ്രമിക്കുകയാണെന്ന് ആർഎസ്എസ്, വിഎച്ച്പി, ബജ്റങ്ദൾ സംഘടനകളെ ലക്ഷ്യമിട്ടു ചന്ദ്രശേഖർ പറഞ്ഞു. അംബേദ്കർ 1956ൽ ഇത്തരത്തിലുള്ള സംഘടനകളെ നിരോധിച്ചതാണ്. എന്നാൽ പിന്നീട് അതു പിൻവലിച്ചു. പട്ടിക ജാതി വിഭാഗത്തിൽനിന്നുള്ള ആളുകളെ ബിജെപി അവഗണിക്കുകയാണ്. സംവരണത്തിനെതിരെയാണ് അവരുടെ നിലപാട്. താഴെക്കിടയിൽനിന്ന് ആരും ഉയർന്നു വരാതിരിക്കുന്നതിനായി അവർക്കുള്ള വിദ്യാഭ്യാസ ബജറ്റ് സർക്കാർ കുറയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ദലിത് വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണു ഭീം ആർമി. ‘അംബേദ്കർ ആർമി’യെന്നും വിശേഷണമുണ്ട്.