മിന്നലാക്രമണത്തെ രാഷ്ട്രീയവല്‍ക്കരിച്ചെന്ന് മുന്‍ സൈനിക മേധാവിയുടെ വെളിപ്പെടുത്തല്‍

single-img
8 December 2018

2016 ലെ മിന്നലാക്രമണത്തെ രാഷ്ട്രീയവല്‍ക്കരിച്ചുവെന്ന് റിട്ട. ലഫ്. ജനറല്‍ ഡി.എസ്.ഹൂഡ. മിന്നലാക്രമണത്തിന് ആവശ്യത്തിലധികം പ്രചാരണം നല്‍കി. കാര്യങ്ങളെ വല്ലാതെ പര്‍വതീകരിക്കുകയാണ് ചെയ്തത്. ഇതൊരിക്കലും സൈന്യത്തിന് ഗുണകരമാവില്ലെന്നും ഹൂഡ അഭിപ്രായപ്പെട്ടു. മിന്നലാക്രമണം നടത്തുമ്പോള്‍ വടക്കന്‍ കമാന്‍ഡിന്റെ മേധാവിയായിരുന്നു ഹൂഡ.

മിന്നലാക്രമണം ആവശ്യമായിരുന്നു. അത് സൈന്യത്തിന് നടത്തിയേ മതിയാകൂ. എന്നാല്‍, സംഭവത്തെ രാഷ്ട്രീയവല്‍കരിച്ചു. അത് നല്ലതാണോ അല്ലയോ എന്ന് രാഷ്ട്രീയക്കാര്‍ പറയേണ്ടിയിരിക്കുന്നുവെന്ന് ഹൂഡ ചൂണ്ടിക്കാട്ടി. വിജയത്തെ കുറിച്ച് ആവേശമുണ്ടാവുക സ്വഭാവികമാണ്.

മിന്നലാക്രമണത്തിന്റെ വിജയത്തിന് അമിത പ്രചാരണം കൊടുക്കുന്നതും രാഷ്ട്രീയവല്‍കരിക്കാന്‍ ശ്രമിക്കുന്നതും ദോഷം മാത്രമേ ചെയ്യൂ. മിന്നലാക്രമണങ്ങള്‍ രഹസ്യമായി നടത്തുന്നതാണ് നല്ലതെന്നും ഹൂഡ വ്യക്തമാക്കി. ചണ്ഡീഗഡില്‍ മിലിട്ടറി ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.