പ്രതിപക്ഷം നടുത്തളത്തിലിറങ്ങി; ചോദ്യോത്തരവേള റദ്ദാക്കി; സഭ വീണ്ടും സ്തംഭിച്ചു

single-img
7 December 2018

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം പ്രതിപക്ഷം ശബരിമല വിഷയം ഉയര്‍ത്തി പ്രതിഷേധം കടുപ്പിച്ചതോടെ നിയമസഭ ഇന്നും സ്തംഭിച്ചു. ശബരിമലയിലെ വിഷയത്തിന്റെ പേരില്‍ നിയമസഭാ മന്ദിരത്തിന് മുന്നില്‍ സമരം ചെയ്യുന്ന പ്രതിപക്ഷ എംഎല്‍എമാരുടെ സമരം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷ കക്ഷികള്‍ ഇന്ന് സഭയില്‍ പ്രതിഷേധം തുടങ്ങിയത്.

സ്പീക്കറുടെ ഇരിപ്പിടത്തിനു മുന്നില്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമായി എത്തിയ പ്രതിപക്ഷ എം.എല്‍.എമാര്‍ ഇരിപ്പിടങ്ങളിലേക്ക് മടങ്ങാന്‍ കൂട്ടാക്കിയില്ല. അതോടെ 18 മിനിട്ട് മാത്രം ചേര്‍ന്ന് ഇന്നത്തെ നടപടികള്‍ അവസാനിപ്പിച്ച് സഭ പിരിയുകയായിരുന്നു.

സത്യഗ്രഹ സമരം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ നടപടിയെടുക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. സമരം അവസാനിപ്പിക്കാന്‍ ശ്രമിക്കണമെന്ന് വ്യാഴാഴ്ച ഇ.പി ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിലപാട് വ്യക്തമാക്കിയിരുന്നു.

സ്പീക്കറുടെ ചേംബറില്‍ ചര്‍ച്ച നടത്തണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. സ്പീക്കര്‍ അനുരഞ്ജന ചര്‍ച്ചക്ക് തയ്യാറായില്ലെന്നു പറഞ്ഞാണ് ബഹളം തുടങ്ങിയത്. രാവിലെ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം പ്രകടനമായാണ് പ്രതിപക്ഷം സഭയിലെത്തിയത്.

എത്തിയ ഉടന്‍ തന്നെ പ്രതിഷേധവും തുടങ്ങി. ചോദ്യോത്തര വേള തടസപ്പെടുത്തരുതെന്ന് സ്പീക്കര്‍ പലതവണ ആവശ്യപ്പെട്ടു. ശനിയാഴ്ച രാത്രി 12 വരെയാണ് ശബരിമലയില്‍ നിരോധനാജ്ഞയുള്ളത്. ഇത് തുടര്‍ന്നാല്‍ സമരവുമായി മുന്നോട്ട് പോകാനാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചത്.

നിരോധനാജ്ഞ അവസാനിപ്പിച്ചാല്‍ എന്തു ചെയ്യണമെന്ന് അപ്പോള്‍ തീരുമാനിക്കും. ശനിയാഴ്ച സഭ ഇല്ല, എന്നാല്‍ കവാടത്തില്‍ വി.എസ്.ശിവകുമാര്‍, ഡോ.എം ജയരാജ്, പാറക്കല്‍ അബ്ദുള്ള എന്നിവര്‍ നടത്തുന്ന സത്യഗ്രഹം തുടരും.

അതേസമയം ശബരിമലപ്രശ്‌നത്തില്‍ ബി.ജെ.പി സെക്രട്ടേറിയറ്റിനു മുന്നിലും യു.ഡി.എഫ് നിയമസഭാ കവാടത്തിലും നടത്തിവരുന്ന സമരങ്ങള്‍ ഇന്ന് അഞ്ചാം ദിവസത്തിലെത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ നയിക്കുന്ന ബി.ജെ.പിയുടെ അനിശ്ചിതകാല സമരം ശബരിമലക്കൊപ്പം കെ.സുരേന്ദ്രന്റെ അറസ്റ്റിനെതിരെയുമാണ്.