ഹനാനെ തോല്‍പ്പിക്കാനാവില്ല; വൈറല്‍ ഫിഷുമായി അതേ തമ്മനത്ത് വീണ്ടും എത്തി; പുതിയ ഭാവത്തില്‍, പുതിയ രൂപത്തില്‍

single-img
7 December 2018

കൊച്ചി: പരിഹാസങ്ങള്‍ ഏറ്റുവാങ്ങി പൊട്ടിക്കരഞ്ഞ അതേ സ്ഥലത്ത് നിറപുഞ്ചിരിയോടെ ‘വൈറല്‍ ഫിഷു’മായി ഹനാന്‍ എത്തി. ഇത്തവണ വൈറല്‍ ഫിഷ് എന്ന് പേരിട്ട മീന്‍വണ്ടിയുമായിട്ടായിരുന്നു വരവ്. കൊച്ചി കോര്‍പ്പറേഷന്‍ അനുവദിച്ചു നല്‍കിയ സ്ഥലത്തായിരുന്നു വില്‍പ്പന.

വ്യാഴാഴ്ച രാവിലെ പത്തിനു മുന്നേ ഹനാനും വണ്ടിയും തമ്മനം ജങ്ഷനിലെത്തി. മാസങ്ങള്‍ക്കു ശേഷം ഹനാന്‍ വീണ്ടും മീന്‍ വില്‍ക്കുന്നത് കാണാന്‍ നാട്ടുകാരും മാധ്യമങ്ങളും എത്തിയിരുന്നു. ഒടുവില്‍ നടന്‍ സലീംകുമാറെത്തി വാഹനത്തിന്റെ പിന്നില്‍ കെട്ടിയിരുന്ന റിബ്ബണ്‍ മുറിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.

സലീംകുമാറിനായി ഹനാന്‍ വാഹനത്തില്‍ തന്നെ ലൈവായി പാചകം ചെയ്‌തെടുത്ത മീന്‍ വറുത്തത് നല്‍കിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഹനാന്റെ കൈയില്‍നിന്ന് മീന്‍ വാങ്ങിയാണ് സലീംകുമാര്‍ മടങ്ങിയത്. ഹനാന്‍ കേരളത്തിന് വലിയ മാതൃകയാണെന്ന് സലീംകുമാര്‍ പറഞ്ഞു. 3,500 രൂപയുടെ കച്ചവടമാണ് വ്യാഴാഴ്ച നടന്നത്.

ജൂലായിലായിരുന്നു മീന്‍ കച്ചവടം നടത്തിയ ഹനാന്‍ സോഷ്യല്‍മീഡിയയില്‍ വൈറലായത്. ഒരു ദിവസം ആഘോഷിച്ച സോഷ്യല്‍ മീഡിയ തന്നെ തൊട്ടടുത്ത ദിവസം ഹനാനെ മോശമായി ആക്രമിച്ചു. പൊലീസ് ഹനാന്റെ കച്ചവടം തടഞ്ഞു. ഹനാന് പുതിയ സ്ഥലം നല്‍കാമെന്ന് കോര്‍പ്പറേഷന്‍ പറഞ്ഞെങ്കിലും ഒന്നും നടന്നില്ല.

അതിനിടെയായിരുന്നു കാര്‍ അപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റ് കിടപ്പിലായത്. എങ്കിലും അതിനിടെ മറ്റൊരു കട തുടങ്ങാനായി പദ്ധതിയിട്ടെങ്കിലും അതും പാളി. ഏറ്റവുമൊടുവിലാണ് എയ്‌സ് വണ്ടിയില്‍ രൂപമാറ്റം വരുത്തി കച്ചവടത്തിനായെത്തിയത്. മീന്‍ മുറിച്ച് വൃത്തിയാക്കി പാക്ക് ചെയ്താണ് കൊടുക്കുന്നത്.

മീന്‍ വില്പനയ്ക്കായി ആപ്പ് തയ്യാറാക്കാനുള്ള നീക്കത്തിലാണ് ഹനാന്‍. സഹായിക്കാന്‍ രണ്ടു ജീവനക്കാരുമുണ്ട്. അപകടത്തിലേറ്റ പരിക്കിനെത്തുടര്‍ന്ന് കോളേജ് അധികാരികളുടെ സമ്മതത്തോടെ ആറുമാസം കൂടി വിശ്രമം നീട്ടിയിരിക്കുകയാണ് ഹനാന്‍. ശേഷം അവസാന സെമസ്റ്റര്‍ പരീക്ഷയെഴുതും.