കണ്ണൂര്‍ വിമാനത്താവളം: ഉമ്മന്‍ ചാണ്ടിയേയും വിഎസിനേയും വിളിക്കാത്തത് അല്‍പത്തമെന്ന് ചെന്നിത്തല: ഉദ്ഘാടന ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിക്കും

single-img
7 December 2018

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും പ്രതിപക്ഷം വിട്ടുനില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടിയേയും വി.എസ് അച്യുതാനന്ദനെയും ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ചടങ്ങ് ബഹിഷ്‌കരിക്കുന്നത്.

കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചത് ഉമ്മന്‍ ചാണ്ടിയും സ്ഥലം ഏറ്റെടുപ്പ് നടത്തിയത് വി.എസ് അച്യുതാനന്ദനും ആണ്. രണ്ട് പേരേയും ഉദ്ഘാടനത്തിന് വിളിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിക്കുമെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇടത് മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരും മുമ്പ് വിമാനത്താവളത്തിന്റെ 90 ശതമാനം പണികളും പൂര്‍ത്തിയായിരിന്നു. റണ്‍വേയുടെ ദൂരം കുറഞ്ഞതിന് സമരം ചെയ്ത ആളാണ് വ്യവസായ മന്ത്രിയായ ഇ.പി ജയരാജന്‍. സര്‍ക്കാര്‍ അല്‍പത്തരമാണ് കാണിച്ചത്. പ്രോട്ടോക്കാള്‍ ലംഘനമുണ്ടായി. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെ കൊണ്ടുവന്നിറക്കിയ ശേഷം ഉദ്ഘാടനത്തിന് എന്ത് പ്രസക്തിയെന്നും ചെന്നിത്തല ചോദിച്ചു.