ബുലങ്ഷഹര്‍ സംഘര്‍ഷം: എസ്.ഐയെ കൊലപ്പെടുത്തിയ മുഖ്യപ്രതി അറസ്റ്റില്‍: കൊല്ലപ്പെട്ട പോലീസുകാരന്‍ ഹിന്ദുക്കളെ ദ്രോഹിച്ചയാളെന്ന് യുവമോര്‍ച്ച നേതാവ്

single-img
6 December 2018

ബുലങ്ഷഹറിനടുത്ത് മഹവ് ഗ്രാമത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടറെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി യോഗേഷ് രാജ് അറസ്റ്റില്‍. ബജ്‌റംഗ്ദള്‍ നേതാവാണ് ഇയാള്‍. സംഭവത്തിനു ശേഷം ഒളിവിലായിരുന്നു. പശുവിന്റെ ജഡം കണ്ടതിനെ തുടര്‍ന്നുണ്ടായ അക്രമങ്ങളെത്തുടര്‍ന്നാണ് ഒരു പൊലീസ് ഇന്‍സ്‌പെക്ടറും സ്ഥലവാസിയായ യുവാവും കൊല്ലപ്പെട്ടത്.

കല്ലേറില്‍ പരുക്കേറ്റാണ് സിയാന പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ് മരിച്ചത്. സുമിത് (20) വെടിയേറ്റും. 2015 ല്‍ പശുമാംസം സൂക്ഷിച്ചെന്നാരോപിച്ചു ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ മര്‍ദിച്ചുകൊന്ന കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്തത് സുബോധ് കുമാര്‍ ആണ്.

സുബോധ് കുമാര്‍ സിംഗിന്റെ തലയ്ക്ക് മാരകമായി മുറിവേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. കലാപത്തിന് ശേഷം 3 ദിവസമായി ഒളിവിലായിരുന്ന യോഗേഷ് രാജിനെ കലാപത്തിന് ആഹ്വാനം ചെയ്ത കേസ് ചുമത്തിയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഇന്‍സ്‌പെക്ടറുടെ കൊലപാതകത്തിലും കലാപത്തിലും തനിക്ക് പങ്കില്ലെന്ന് ഇയാള്‍ പറയുന്ന വീഡിയോ ക്ലിപ്പ് നേരത്തെ പുറത്തു വന്നിരുന്നു.

അതിനിടെ, ഹിന്ദുക്കളെ ദ്രോഹിച്ച ഉദ്യോഗസ്ഥനായിരുന്നു ബുലന്ദ്ശഹറില്‍ കൊല്ലപ്പെട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറെന്ന ആരോപണവുമായി കേസിലെ പ്രതിയും യുവമോര്‍ച്ച നേതാവുമായ ശിഖര്‍ അഗര്‍വാള്‍ രംഗത്ത്. അജ്ഞാത കേന്ദ്രത്തില്‍ വച്ച് ഷൂട്ട് ചെയ്ത് പുറത്തുവിട്ട വീഡിയോയിലാണ് സുബോധ് കുമാറിനെതിരെ ആരോപണങ്ങള്‍ പ്രതി ഉന്നയിക്കുന്നത്.

സുബോധ് കുമാര്‍ സിങ് അഴിമതിക്കാരനായിരുന്നു. ബുലന്ദ്ഷഹറില്‍ സംഘര്‍ഷം നടക്കുമ്പോള്‍ അവിടെ എത്തിയ സുബോധ് വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ശിഖര്‍ അഗര്‍വാള്‍ വീഡിയോയില്‍ പറയുന്നു. ബുലന്ദ്ശഹറില്‍ ഗോവധമാരോപിച്ച് ആക്രമം നടത്തിയ സംഭവത്തില്‍ ശിഖര്‍ അഗര്‍വാളടക്കം 26 ഓളം പേര്‍ പ്രതികളാണ്.