യു.പിയില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി; ബിജെപി സമൂഹത്തെ വിഭജിക്കുന്നുവെന്നാരോപിച്ച് എം.പി സാവിത്രി ഭായ് ഫൂലെ രാജിവെച്ചു

single-img
6 December 2018

ലോക്‌സഭാ തിരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങവേ ബിജെപിക്ക് തിരിച്ചടിയായി ഉത്തര്‍പ്രദേശില്‍ ലോക്‌സഭാംഗം പാര്‍ട്ടി വിട്ടു. പട്ടികവിഭാഗത്തില്‍ നിന്നുള്ള നേതാവായ സാവിത്രിഭായ് ഫൂലെയാണ് ബിജെപി അംഗത്വം രാജിവെച്ചത്. ബിജെപി സമൂഹത്തെ വിഭജിക്കുന്നുവെന്ന് സാവിത്രിഭായ് ഫൂലെ ആരോപിക്കുന്നു.

ബുലന്ദ്ശഹര്‍ കലാപത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാര്‍ വലിയ വിമര്‍ശനം നേരിടുന്നതിനിടെയാണ് എം.പി തന്നെ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചത്. ബി.ജെ.പിയുടെ നയങ്ങള്‍ക്കെതിരെ സാവിത്രി ഭായ് പല തവണ രംഗത്തെത്തിയിരുന്നു. ബി.ജെ.പി ദലിതരോട് വിവേചനം കാണിക്കുന്നു എന്നതാണ് സാവിത്രി ഭായ് പ്രധാനമായും ചൂണ്ടിക്കാട്ടിയത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ദലിതരോട് സ്‌നേഹമോ ബഹുമാനമോ ഇല്ലെന്ന് അവര്‍ വിമര്‍ശിക്കുകയുണ്ടായി. രാമക്ഷേത്ര നിര്‍മാണം ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് ബി.ജെ.പിയുടെ കപടതയാണെന്നും സാവിത്രി ഭായ് വിമര്‍ശിച്ചിരുന്നു. ദലിതര്‍ക്കൊപ്പം ഭക്ഷണം കഴിക്കുക എന്ന പാര്‍ട്ടി പരിപാടി തട്ടിപ്പാണെന്നും സാവിത്രി പറഞ്ഞിരുന്നു. ദലിത് വീടുകള്‍ സന്ദര്‍ശിച്ച് പുറത്തുനിന്ന് കൊണ്ടുവരുന്ന ഭക്ഷണം കഴിക്കുന്ന ബി.ജെ.പി നേതാക്കളുടെ നടപടി വെറും പ്രകടനം മാത്രമാണെന്നാണ് സാവിത്രി വിമര്‍ശിച്ചത്.