രാത്രി യാത്രക്കാര്‍ ശ്രദ്ധിയ്ക്കുക: തിരക്കൊഴിഞ്ഞ റോഡില്‍ ലിഫ്റ്റ് ചോദിച്ച് കൊള്ള നടത്താന്‍ സ്ത്രീകളും

single-img
5 December 2018

ഇക്കാലത്ത് ഏതുവഴിക്കാണ് അപകടങ്ങളും അക്രമങ്ങളും കടന്നുവരിക എന്നത് ഊഹിക്കാവുന്നതിനപ്പുറമാണ്. പ്രത്യേകിച്ച് രാത്രി യാത്ര നടത്തുന്നവര്‍ക്ക് നേരെയുണ്ടാവുന്ന അക്രമങ്ങള്‍. രാത്രിയാത്രക്കാര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് നിയമപാലകര്‍ അടിക്കടി ആളുകള്‍ക്ക് ഉപദേശം നല്‍കാറുമുണ്ട്.

എങ്കിലും പുതിയ രീതിയിലുള്ള തട്ടിപ്പുകള്‍ ഇപ്പോഴും തുടര്‍ക്കഥയാണ്. ഏറ്റവും ഒടുവിലായി തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്ന് കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ത്രീകള്‍ സഹായം അഭ്യര്‍ത്ഥിച്ച് വാഹനം തടഞ്ഞ് നിര്‍ത്തുകയും കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ ഒളിച്ചിരിക്കുന്ന അക്രമി സംഘം കത്തികാട്ടി യാത്രക്കാരുടെ സ്വര്‍ണാഭരണമടക്കം കവരുന്നതാണ് ഈ സംഘത്തിന്റെ രീതിയെന്നുമാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ തിങ്കളാഴ്ച ചെന്നൈ നഗരത്തിനടുത്തായി കാറില്‍ സഞ്ചരിച്ച വിശ്വനാഥന്‍ എന്നയാള്‍ക്ക് ഇത്തരത്തില്‍ നഷ്ടമായത് സ്വര്‍ണമാലയും മോതിരവുമാണ്. പരാതി ലഭിച്ചയുടന്‍ പൊലീസ് സംഭവ സ്ഥലത്തെത്തുകയും റോഡില്‍ അടുത്ത വാഹനം കാത്തുനില്‍ക്കുകയായിരുന്ന രണ്ട് സ്ത്രീകളടക്കം നാല് പേരെ പിടികൂടുകയും ചെയ്തു.

ഇവരെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. വിജനമായ റോഡ് വക്കില്‍ ഒറ്റയ്ക്ക് കാറോടിച്ച് വരുന്നവരെ കാത്താണ് അക്രമി സംഘം കെണിയൊരുക്കി നില്‍ക്കുന്നത്.

നേരത്തെ, രാത്രിയില്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ നിങ്ങളുടെ വാഹനത്തിനു നേരെ ആരെങ്കിലും മുട്ട എറിഞ്ഞാല്‍ വാഹനം നിര്‍ത്തുകയോ വൈപ്പര്‍ ഇടാന്‍ ശ്രമിക്കുകയോ ചെയ്യരുത് എന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

വെള്ളം സ്‌പ്രേ ചെയ്താല്‍ വാഹനമോടിക്കുന്ന വ്യക്തിക്ക് വാഹനത്തിന്റെ ഗ്ലാസിലൂടെയുള്ള കാഴ്ച പൂര്‍ണ്ണമായും തടസപ്പെടും. വാഹനം മുന്നോട്ടെടുക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ യാത്രക്കാര്‍ വാഹനത്തില്‍ നിന്നിറങ്ങുമ്പോള്‍ മറഞ്ഞിരിക്കുന്ന അക്രമികള്‍ അവരെ ആക്രമിക്കാനും കൊള്ളയടിക്കാനും സാധ്യതയുണ്ടെന്നാണ് പോലീസ് അറിയിച്ചിരുന്നത്.

വൈപ്പര്‍ ഉപയോഗിക്കുകയോ വെള്ളം സ്‌പ്രേ ചെയ്യുകയോ ചെയ്യാതിരുന്നാല്‍ വാഹനം അത്യാവശ്യം ഓടിച്ചുപോവാന്‍ സാധിക്കും. കൊള്ളസംഘങ്ങള്‍ പ്രയോഗിച്ചു വരുന്ന പതിവ് മാര്‍ഗമാണിതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.