കണ്ണൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത കേസ്; പ്രതികള്‍ പെണ്‍കുട്ടിയുമായി ഫേസ്ബുക്ക് വഴി പരിചയം സ്ഥാപിച്ചവര്‍

single-img
5 December 2018

കണ്ണൂര്‍: പറശിനിക്കടവില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മാട്ടൂല്‍, ശ്രീകണ്ഠപുരം സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. ഇവരെ തളിപ്പറമ്പ് ഡിവൈ.എസ്.പി. കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചോദ്യംചെയ്തു.

കണ്ണൂര്‍ ജില്ലയിലുള്ളവരാണ് പ്രതികള്‍. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കും. കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണിത്. പ്രതികള്‍ക്കായി ഇടപെടാന്‍ ശ്രമിച്ച രാഷ്ട്രീയ സ്വാധീനമുള്ളവര്‍ക്കെതിരെയും കേസെടുക്കും.

പെണ്‍കുട്ടിയെ പ്രതികളുടെ അടുക്കലെത്തിച്ച സ്ത്രീയെയും പോലീസ് തിരയുന്നുണ്ട്. ഈ സ്ത്രീയാണ് വിദ്യാര്‍ഥിനിയെ വശീകരിച്ച് കെണിയില്‍ വീഴ്ത്തി പ്രതികള്‍ക്കു കൈമാറിയത്. ഫെയ്‌സ്ബുക്ക് വഴിയാണ് സ്ത്രീയുമായി പെണ്‍കുട്ടി അടുപ്പത്തിലായത്. പറശ്ശിനിക്കടവിലെ സുഹൃത്തിന്റെ വീട്ടില്‍ പോകാനെത്തിയപ്പോഴാണ് സ്ത്രീയെ നേരിട്ട് പരിചയപ്പെട്ടത്.

നവംബര്‍ 13നായിരുന്നു ഇത്. തുടര്‍ന്ന് പ്രതികളിലൊരാള്‍ സഞ്ചരിച്ച കാറിലേക്ക് കയറ്റുകയും വിദ്യാര്‍ഥിനിയുടെ യൂണിഫോം മാറ്റി വേറെ വസ്ത്രം ധരിപ്പിച്ച് പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിക്കുകയുമായിരുന്നു. ലോഡ്ജില്‍വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ഈ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്നു പറഞ്ഞാണ് വീണ്ടും പെണ്‍കുട്ടിയെ കെണിയിലാക്കിയത്.

നിലവില്‍ പറശിനിക്കടവില്‍ വെച്ച് നടന്ന കൂട്ട ബലാത്സംഗത്തിലാണ് കേസുള്ളത്. പെണ്‍കുട്ടിയുടെ വിശദമായ മൊഴിയെടുത്തതോടെയാണ് കൂടുതല്‍ പേരെക്കുറിച്ച് വിവരം ലഭിച്ചത്. ഫോണ്‍ രേഖകള്‍ പരിശോധിച്ചതോടെ തെളിവും ലഭിച്ചു. അറസ്റ്റ് ഉടനെയുണ്ടാകും.

പലതവണ കൂട്ട ബലാത്സംഗം നടന്നതായും പെണ്‍കുട്ടിയെ ചൂഷണം ചെയ്തവര്‍ പിന്നീട് കൂടുതല്‍ ആളുകളെ എത്തിച്ചതായും കൈമാറാന്‍ ശ്രമം നടന്നതായും വിരമുണ്ട്. ഇതിനായി കുട്ടിയെ ഫേസ്ബുക്ക് ചാറ്റടക്കം കാണിച്ച് ഭീഷണിപ്പെടുത്തി. മജിസ്‌ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി.

ഇരുപതോളം പേര്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴിനല്‍കി. എട്ടാം ക്ലാസ് മുതല്‍ പെണ്‍കുട്ടി ചൂഷണത്തിനിരയായി. നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മറ്റു പ്രതികളുടെ മുന്നിലെത്തിച്ചുവെന്നാണ് അന്വേഷണസംഘത്തോടു പറഞ്ഞത്. സഹോദരിയുടെ നഗ്‌നചിത്രമുണ്ടെന്നു ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിനെ ചോദ്യംചെയ്തപ്പോള്‍ ആറംഗസംഘം പെണ്‍കുട്ടിയുടെ സഹോദരനെ ആക്രമിച്ചതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.

വിദ്യാര്‍ഥിനിയുടെ പരാതിയില്‍ തിങ്കളാഴ്ചയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഒപ്പം ശാസ്ത്രീയാന്വേഷണവും തുടങ്ങി. പ്രതികളെന്നു സംശയിക്കുന്നവരുടെ മുഴുവന്‍ ഫോണുകളും പോലീസ് പിന്തുടര്‍ന്നു. പ്രതികളിലൊരാളുടെ ഫോണിലേക്കു വിളിച്ചപ്പോള്‍ എടുത്തത് ഭാര്യയാണ്. വാഹനവുമായി ബന്ധപ്പെട്ട കാര്യത്തിന് വിളിക്കുന്നുവെന്നാണ് അന്വേഷണസംഘം പറഞ്ഞത്.

പിന്നീട് ഫോണെടുത്ത ഇയാള്‍ പോലീസിനോടു കയര്‍ത്തു. ഇയാളെ പോലീസ് പിന്തുടരുന്നുണ്ടായിരുന്നു. പുലര്‍ച്ചെയോടെ നാലുപേര്‍ പോലീസിന്റെ വലയിലായി. ഇവരില്‍നിന്ന് ഏതാനും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ഫോണ്‍ വിളിച്ചതും സന്ദേശങ്ങള്‍ കൈമാറിയതും പരിശോധിക്കുകയാണ്. വ്യക്തമായ തെളിവ് ലഭിച്ചാലുടന്‍ അറസ്റ്റുചെയ്യും.