കണ്ണൂരില്‍ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവം: അഞ്ച് പേര്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ പിതാവും പൊലീസ് കസ്റ്റഡിയില്‍

single-img
5 December 2018

കണ്ണൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. മാട്ടൂല്‍ സ്വദേശി കെ.വി സന്ദീപ്, ചൊറുക്കള സ്വദേശി സി.പി.ഷംസുദ്ദിന്‍, പരിപ്പായി സ്വദേശി വി.സി.ഷബീര്‍, നടുവില്‍ സ്വദേശി കെ.വി.അയൂബ്, അരിമ്പ്ര സ്വദേശി കെ.പവിത്രന്‍ എന്നിവരാണ് പിടിയിലായത്.

പറശിനിക്കടവിലെ ലോഡ്ജില്‍ വച്ച് പീഡിപ്പിച്ചെന്ന കേസിലാണ് തളിപ്പറമ്പ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പിതാവും പ്രാദേശിക ഡിവൈഎഫ്‌ഐ നേതാവുമടക്കം അഞ്ചുപേര്‍ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്. ഇരുപതിലേറെ തവണ സ്വന്തം പിതാവടക്കം വിവിധയാളുകള്‍ വിവിധ സ്ഥലങ്ങളില്‍വെച്ച് പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട അഞ്ജന എന്ന യുവതിയാണ് പ്രലോഭിപ്പിച്ച് തന്നെ ലോഡ്ജിലെത്തിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. അഞ്ജനയെ കണ്ടെത്താന്‍ പോലീസ് ഊര്‍ജിത അന്വേഷണം നടത്തിവരികയാണ്.
ചൊവ്വാഴ്ച തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കിയ പെണ്‍കുട്ടിയെ പിന്നീട് തളിപ്പറമ്പ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് അച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് മൊഴിയില്‍ ലഭിച്ചതെന്ന് അന്വേഷണസംഘം പറഞ്ഞു. അച്ഛന്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ കേസില്‍ ഉള്‍പ്പെടുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

കേസ് അന്വേഷിക്കുന്നതില്‍ കണ്ണൂര്‍ വനിതാ പൊലീസിന് വീഴ്ച സംഭവിച്ചതായും സൂചനയുണ്ട്. പറശനിക്കടവിലെ ലോഡ്ജില്‍ വച്ച് നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന പരാതിയുമായാണ് പെണ്‍കുട്ടിയും മാതാവും കണ്ണൂര്‍ വനിതാ പൊലീസിനെ സമീപിച്ചത്.

എന്നാല്‍ കൂടുതലൊന്നും അന്വേഷിക്കാതെ വനിതാ പൊലീസ് കേസ് തളിപ്പറമ്പ് പൊലീസിന് കൈമാറി. തുടര്‍ന്ന് തളിപ്പറമ്പ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയത്. രണ്ടുവര്‍ഷം മുന്‍പ് സ്വന്തം പിതാവാണ് ആദ്യമായി പീഡിപ്പിച്ചത്. ശേഷം മറ്റുള്ളവരും പീഡിപ്പിക്കുകയായിരുന്നു.

നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മറ്റു പ്രതികളുടെ മുന്നിലെത്തിച്ചുവെന്നാണ് പെണ്‍കുട്ടി അന്വേഷണസംഘത്തോടു പറഞ്ഞത്. സഹോദരിയുടെ നഗ്‌നചിത്രമുണ്ടെന്നു ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിനെ ചോദ്യംചെയ്തപ്പോള്‍ ആറംഗസംഘം പെണ്‍കുട്ടിയുടെ സഹോദരനെ ആക്രമിച്ചതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.

വിദ്യാര്‍ഥിനിയുടെ പരാതിയില്‍ തിങ്കളാഴ്ചയാണ് തളിപ്പറമ്ബ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഒപ്പം ശാസ്ത്രീയാന്വേഷണവും തുടങ്ങി. പ്രതികളെന്നു സംശയിക്കുന്നവരുടെ മുഴുവന്‍ ഫോണുകളും പോലീസ് പിന്തുടര്‍ന്നു. പ്രതികളിലൊരാളുടെ ഫോണിലേക്കു വിളിച്ചപ്പോള്‍ എടുത്തത് ഭാര്യയാണ്. വാഹനവുമായി ബന്ധപ്പെട്ട കാര്യത്തിന് വിളിക്കുന്നുവെന്നാണ് അന്വേഷണസംഘം പറഞ്ഞത്.

പിന്നീട് ഫോണെടുത്ത ഇയാള്‍ പോലീസിനോടു കയര്‍ത്തു. ഇയാളെ പോലീസ് പിന്തുടരുന്നുണ്ടായിരുന്നു. പുലര്‍ച്ചെയോടെ നാലുപേര്‍ പോലീസിന്റെ വലയിലായി. ഇവരില്‍നിന്ന് ഏതാനും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ഫോണ്‍ വിളിച്ചതും സന്ദേശങ്ങള്‍ കൈമാറിയതും പരിശോധിക്കുകയാണ്.