കവിത മോഷണ വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ദീപ നിശാന്ത്

single-img
5 December 2018

കവിത മോഷണ വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ദീപ നിശാന്ത്. തനിക്ക് കവിത നല്‍കിയത് ശ്രീചിത്രനാണെന്ന് ദീപ നിശാന്ത് പറഞ്ഞു. കലേഷിന്റെ കവിത സ്വന്തം വരികളാണെന്ന് പറഞ്ഞ് ശ്രീചിത്രന്‍ വഞ്ചിച്ചു. എഴുത്തുകാരിയെന്ന് അറിയപ്പെടാനല്ല കവിത പ്രസിദ്ധീകരിച്ചതെന്നും അവര്‍ പറഞ്ഞു.

മനുഷ്യന്‍ എത്ര സമര്‍ത്ഥമായാണ് കള്ളംപറയുന്നതെന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞു. അധ്യാപിക, എഴുത്തുകാരി എന്ന നിലയില്‍ സത്യസന്ധത പുലര്‍ത്തേണ്ടിയിരുന്നു. കലേഷ് കവിത മോഷ്ടിച്ചെന്നുപോലും തെറ്റിദ്ധരിച്ചു. കലേഷിനോട് മാപ്പുപറയുന്നു. പറ്റിയത് വലിയ പിഴവെന്നും ദീപ നിശാന്ത് കൂട്ടിച്ചേര്‍ത്തു.

കലേഷിന്റെ അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍/നീ എന്ന കവിതയാണ് കേരളവര്‍മ്മ കോളജ് അധ്യാപിക ദീപ നിശാന്തിന്റേതെന്ന പേരില്‍ ഫോട്ടോ സഹിതം എകെപിസിടിഎയുടെ മാഗസിനില്‍ അടിച്ചു വന്നത്. 2011ല്‍ എഴുതിയ അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍/ നീ എന്ന കവിത അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും ദീപാ നിശാന്ത് സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു.

അതിനിടെ കവിതാ മോഷണ വിവാദത്തില്‍ ദീപാ നിശാന്തിനോട് വിശദീകരണം തേടാന്‍ പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ്(കെ പി സി ടി എ) അസോസിയേഷന്‍ നിര്‍ദ്ദേശം നല്‍കി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനാണ് നിര്‍ദേശം നല്‍കിയത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലാണ് തൃശൂര്‍ കേരള വര്‍മ്മ കോളേജ്. ഫൈന്‍ ആര്‍ട്‌സ് ഉപദേശക പദവിയില്‍ നിന്ന് ദീപ നിശാന്തിനെ മാറ്റണമെന്നും കെ പി സി ടി എ ആവശ്യപ്പെട്ടിട്ടുണ്ട്.