കോടതി വിധിച്ച പിഴ അടയ്ക്കില്ലെന്നു ശോഭാ സുരേന്ദ്രന്‍: ‘വിലകുറഞ്ഞ പ്രശസ്തി തനിക്ക് ആവശ്യമില്ല’

single-img
4 December 2018

ഹൈക്കോടതി നിര്‍ദ്ദേശിച്ച പിഴയടക്കില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. കേന്ദ്രമന്ത്രിയേയും ഹൈക്കോടതി ജ‍ഡ്ജിയേയും പൊലീസ് അപമാനിച്ചുവെന്ന് കാട്ടി ശോഭ സുരേന്ദ്രൻ നൽകിയ ഹർജി രൂക്ഷ വിമര്‍ശനങ്ങളോടെ തള്ളിയ ഹൈക്കോടതി ശോഭ സുരേന്ദ്രനിൽ നിന്ന് 25,000 രൂപ പിഴ ഈടാക്കാന്‍ വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിഴയടക്കില്ലെന്ന് ശോഭാ സുരേന്ദ്രന്‍റെ പ്രതികരണം.

താന്‍ പബ്ലിസിറ്റിക്കുവേണ്ടിയല്ല പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. കഴിഞ്ഞ നാല്‍പത് ദിവസമായി പോലീസിനെ ഉപയോഗിച്ച് അയ്യപ്പ ഭക്തര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തി ജയിലില്‍ അടച്ചിരിക്കുകയാണ്. ഇക്കാര്യമാണ് കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. ഹൈക്കോടതിക്ക് മുകളില്‍ വേറെയും കോടതിയുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഹൈക്കോടതിയില്‍ അഭിഭാഷകന്‍ മാപ്പു പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും അവര്‍ വ്യക്തമാക്കി.

ശബരിമലയിലെ പോലീസ് നടപടി ചോദ്യംചെയ്ത് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. പ്രശസ്തി ലക്ഷ്യംവെച്ചാണ് ഹര്‍ജിയെന്നും ദുരാരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്.

കോടതിയുടെ സമയം പാഴാക്കിയതിന് 25000 രൂപ പിഴയടക്കാന്‍ ഉത്തരവിട്ടു. മാപ്പാക്കണമെന്നും ഹര്‍ജി പിന്‍വലിക്കുകയാണെന്നും ശോഭാ സുരേന്ദ്രന്റെ അഭിഭാഷകന്‍ അറിയിച്ചെങ്കിലും കോടതി സമ്മതിച്ചില്ല. തുക ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു.