ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷ വിമ‍ർശനം; 25000 രൂപ പിഴയിട്ടു; മാപ്പു പറഞ്ഞ് ഹര്‍ജി പിന്‍വലിച്ചു

single-img
4 December 2018

ശബരിമലയിലെ പൊലീസ് ഇടപെടലുകളെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ച ബിജെപി നേതാവ് ശോഭ സുരേന്ദ്രന് പിഴ ശിക്ഷ. കോടതിയുടെ സമയം ദുരുപയോഗം ചെയ്തതിനാണ് 25000 രൂപ പിഴയടയ്ക്കാൻ കോടതി ആവശ്യപ്പെട്ടത്. മാപ്പുപറഞ്ഞ് ശോഭാ സുരേന്ദ്രൻ ഹർജി പിൻവലിച്ചു.

വികൃതമായ ആരോപണമാണ് ശോഭ സുരേന്ദ്രന്‍റേതെന്ന് കോടതി വിമർശിച്ച. ഹർജി നിയമപരമായി എവിടെയും നിലനിൽക്കില്ല. ഹർജിക്കാരി എവിടെയും പരാതിയും നൽകിയിട്ടില്ല. കോടതിയെ പരീക്ഷണവസ്തു ആക്കരുതെന്നും വികൃതമായ ആരോപണങ്ങളാണ് ശോഭാ സുരേന്ദ്രൻ ഉന്നയിച്ചത് എന്ന് വിമർശിച്ച കോടതി വില കുറഞ്ഞ പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കരുതെന്നും ബിജെപി നേതാവിന് മുന്നറിയിപ്പ് നൽകി.

അനാവശ്യ വാദങ്ങൾ ഉന്നയിക്കരുത്. പ്രസക്തമല്ലാത്ത കാര്യങ്ങളാണ് നിങ്ങൾ പറയുന്നത്. അതിനെ ഹർജിയുമായി കൂട്ടിവായിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. ശോഭാ സുരേന്ദ്രനിൽ നിന്ന് പിഴയായി ഈടാക്കുന്ന 25,000 രൂപ ലീഗൽ സർവീസ് അതോറിറ്റിക്ക് നൽകണമെന്നും കോടതി നിർദ്ദേശിച്ചു. കോടതിയുടെ അതിരൂക്ഷ വിമർശനങ്ങളെത്തുടർ‍ന്ന് ശോഭ സുരേന്ദ്രൻ ഹർജി പിൻവലിച്ചു. മാപ്പ് ചോദിക്കുന്നുവെന്നും അവർ കോടതിയെ അറിയിച്ചു.