മലപ്പുറത്ത് ‘ടിക് ടോക് ചലഞ്ച്’ കാര്യമായി; കൂട്ട തല്ലില്‍ നിരവധി പേര്‍ക്ക് പരിക്ക്

single-img
4 December 2018

ഓടുന്ന വാഹനം തടഞ്ഞു നിര്‍ത്തി, മരച്ചില്ലകളും കൈയിലേന്തി, ജാസി ഗിഫ്റ്റ് പാടിയ ‘നില്ല് നില്ല്’ നീലക്കുയിലേ…’ എന്ന പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന ടിക് ടോക്കിലെ നില്ല് നില്ല് ചലഞ്ച് സോഷ്യൽ മീഡിയയിൽ വൻ ഹിറ്റാണ്. ചിലപ്പോൾ ഇത് അപകടത്തിനും കാരണമാകാറുണ്ട്. ഇതേത്തുടർന്ന് പോലീസ് ചലഞ്ച് നെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു.

കഴിഞ്ഞദിവസം ‘നില്ല് നില്ല്’ ചലഞ്ച് മലപ്പുറം ജില്ലയിലെ തിരൂരില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. വിദ്യാര്‍ഥികളും നാട്ടുകാരും തമ്മില്‍ ക്രിക്കറ്റ് ബാറ്റും, സ്റ്റംപും, കത്തിയും, കുറുവടികളുമായി നടന്ന സംഘര്‍ഷത്തില്‍ സ്ത്രീയടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റു.

വെള്ളിയാഴ്ച നഗരത്തില്‍ ഓടുന്ന വാഹനം തടഞ്ഞു നിര്‍ത്തി നൃത്തം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമായത്. ഗതാഗതക്കുരുക്ക് വന്‍ ജനരോഷത്തിന് കാരണമായതോടെ തുടങ്ങിയ സംഘര്‍ഷാവസ്ഥ അന്ന് മുതിര്‍ന്നവര്‍ ഇടപെട്ട് പരിഹരിച്ചിരുന്നു.

എന്നാല്‍ തിങ്കളാഴ്ച വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് സ്ഥലത്തെത്തി നാട്ടുകാരെ മര്‍ദിക്കുകയായിരുന്നു. കല്ലേറില്‍ തൊട്ടടുത്ത കടയില്‍ ജോലി ചെയ്യുകയായിരുന്ന സുജാതയുടെ തലക്ക് പരിക്കേറ്റു. കടയിലെ ഗ്ലാസ് പൊട്ടി തലയില്‍ വീണാണ് പരിക്കേറ്റത്.സംഘര്‍ഷത്തിന് ശേഷം വിദ്യാര്‍ഥികള്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു.