ക്രിസ്ത്യന്‍ മിഷേലിനെ ഇന്ത്യയ്ക്ക് കൈമാറാന്‍ ദുബായ് സര്‍ക്കാര്‍ അനുമതി

single-img
4 December 2018

അഗസ്റ്റ വെസ്റ്റ്‍ലാന്‍റ് അഴിമതിക്കേസിൽ പ്രതിയും ഇടനിലക്കാരനുമായ ക്രിസ്റ്റ്യൻ മിഷേലിനെ ഇന്ത്യയ്ക്ക് കൈമാറും. കൈമാറ്റത്തിന് അനുമതി നൽകി ദുബായ് സർക്കാർ ഉത്തരവിറക്കി. ഒരാഴ്ചയ്ക്കകം ക്രിസ്റ്റ്യൻ മിഷേലിനെ ഇന്ത്യയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവിൽ ദുബായിൽ തടവിലാണ് ക്രിസ്ത്യൻ മിഷേൽ.

വിവിഐപി ഹെലികോപ്റ്റര്‍ കരാര്‍ ലഭിക്കുന്നതിനായി കൈക്കൂലി ഇടപാടുകള്‍ക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു എന്നതാണ് ക്രിസ്ത്യൻ മിഷേലിനെതിരായ കുറ്റം. ഇതിനായി അഗസ്റ്റ വെസ്റ്റ്ലാൻഡിൽ നിന്നു മിഷേൽ ഇരുന്നൂറ്റിഇരുപത്തിയഞ്ചുകോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് രണ്ടായിരത്തിപതിനാറിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ പ്രതിചേർക്കപ്പെട്ട മിഷേലിനെ ഇന്ത്യക്ക് കൈമാറണമെന്ന കീഴ്കോടതി ഉത്തരവാണ് പരമോന്നതകോടതി ശരിവച്ചത്.

അഗസ്റ്റ വെസ്റ്റ് ലാന്‍ഡ്, മാതൃകമ്പനിയായ ഫിന്‍മെക്കാനിക്ക എന്നിവര്‍ക്ക് വേണ്ടിയാണ് മിഷേൽ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. മിഷേലിനെതിരെ ഡൽഹി പട്യാല ഹൌസ് കോടതി 2017 ജനുവരിയിൽ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഇൻറർപോളിൻറെ സഹായത്തോടെയാണ് ദുബായിൽ വച്ച് മിഷേലിനെ അറസ്റ്റു ചെയ്തത്. 12 വിവിഐപി ഹെലികോപ്റ്ററുകള്‍ക്കുള്ള 3,727 കോടി രൂപയുടെ കരാറാണ് 2010-ല്‍ അഗസ്റ്റ വെസ്റ്റലാൻഡുമായി ഇന്ത്യ ഒപ്പിട്ടത്. യുപിഎ സർക്കാരിനെതിരെയുള്ള രാഷ്ട്രീയആരോപണങ്ങളിൽ ഒന്നായിരുന്നു അഗസ്റ്റ വെസ്റ്റ് ലാൻഡ് ഹെലിക്കോപ്റ്റര്‍ അഴിമതിക്കേസ്.