മെമ്മറി കാർഡിന്റെ പകർപ്പ് എങ്ങനെ എടുക്കാനാകുമെന്ന് ദിലീപിനോട് സുപ്രീം കോടതി

single-img
3 December 2018

നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കാന്‍ നിയമപരമായി കഴിയുമോയെന്ന് പരിശോധിക്കാന്‍ സുപ്രീം കോടതി തീരുമാനം. ഐടി ആക്ട് അടക്കമുള്ള നിയമങ്ങള്‍ പ്രകാരം മെമ്മറി കാര്‍ഡ് ലഭിക്കാന്‍ പ്രതിക്ക് അവകാശം ഉണ്ടോയെന്ന് ബോധ്യപ്പെടുത്താന്‍ ദിലീപിന്റെ അഭിഭാഷകന് കോടതി നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്.

മെമ്മറി കാർഡിന്റെ പകർപ്പ് എങ്ങനെ എടുക്കാനാകുമെന്ന് കോടതി ദിലീപിന്റെ അഭിഭാഷകനോട് ചോദിച്ചു. മെമ്മറി കാർഡ് ഈ കേസിലെ രേഖയാണെങ്കിൽ അത് കിട്ടാൻ അവകാശമുണ്ടെന്ന് ദിലീപിന്‍റെ അഭിഭാഷകൻ മുകുൾറോത്തക്കി കോടതിയില്‍ പറഞ്ഞു. വീഡിയോ ദൃശ്യങ്ങൾക്കിടെ ചില സംഭാഷണങ്ങളുണ്ട് അത് കേസിലെ മൊഴികളിൽ ഇല്ലെന്ന് മുകുൾ റോത്തകി വിശദീകരിച്ചു.

പ്രത്യേക കാരണങ്ങൾ കൊണ്ടാണ് മെമ്മറി കാർഡ് നൽകാത്തതെന്ന് കോടതി മറുപടി നല്‍കി. മെമ്മറി കാർഡ് ഒരു രേഖയല്ല, അതൊരു മെറ്റീരീയൽ ആണെന്നും കോടതി വ്യക്തമാക്കി. മെമ്മറി കാർഡ് പൊലീസ് റിപ്പോർട്ടിന്റെ ഭാഗമാണോ എന്ന് കോടതി ചോദിച്ചു. തനിക്ക് വേണ്ടത് മെമ്മറി കാർഡിലെ ദൃശ്യങ്ങളാണ്, അത‌് കിട്ടിയാൽ കേസ് വ്യാജമാണെന്ന് തെളിയിക്കാനാകുമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

അതേസമയം ദിലീപിന്റെ ആവശ്യത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. മെമ്മറി കാര്‍ഡ് മെറ്റീരിയല്‍ ആയാണ് പരിഗണിച്ചതെന്നും അതിനാല്‍ അത് നല്‍കാന്‍ ആകില്ലെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പ്രതിക്ക് കണ്ടു പരിശോധിക്കാം. കോപ്പി നല്‍കാന്‍ കഴിയില്ല. ഗുരുതരമായ കേസ് ആണെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കൗണ്‌സല്‍ ജി പ്രകാശ്, മുതിര്‍ന്ന അഭിഭാഷകന്‍ ഹരേന് പി റാവല്‍ എന്നിവരാണ് ഹാജരായത്.

ഇതോടെയാണ് മെമ്മറി കാര്‍ഡ് കേസില്‍ എന്തുതെളിവായാണ് പരിഗണിച്ചതെന്ന് പരിശോധിക്കാന്‍ കോടതി തീരുമാനിച്ചത്. തീരുമാനം. ഐടി. നിയമം അടക്കം പ്രതിക്ക് മെമ്മറികാര്‍ഡിന്റെ പകര്‍പ്പ് നല്‍കാന്‍ സാധിക്കുമോയെന്ന് പരിശോധിക്കും. ഇക്കാര്യത്തില്‍ ഡിസംബര്‍ 11 വാദം കേള്‍ക്കും.