നിരാഹാരം എ.എന്‍ രാധാകൃഷ്ണന്‍ സ്വയം ഏറ്റെടുത്തതാണെന്ന് ശ്രീധരന്‍ പിള്ള;പാര്‍ട്ടി ഏല്‍പ്പിച്ചതാണെന്ന് രാധാകൃഷ്ണന്‍

single-img
3 December 2018

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ ഇന്ന് സമരം ആരംഭിച്ചിരിക്കുകയാണ്.രാവിലെ പത്തരമണിയോടെ സെക്രട്ടറിയേറ്റ് പടിക്കല്‍ ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ അനിശ്ചിതകാല ഉപവാസ സമരം തുടങ്ങി. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ ഉപവാസം ഉദ്ഘാടനം ചെയ്തു.. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, കെ സുരേന്ദ്രനെതിരായ കള്ളക്കേസുകള്‍ പിന്‍വലിക്കുക, ശബരിമലയില്‍ ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളാണ് സമരത്തില്‍ ബിജെപി ഉന്നയിക്കുന്നത്.

അതേസമയം നിരാഹാര സമരം എ.എന്‍ രാധാകൃഷ്ണന്‍ സ്വയം ഏറ്റെടുത്തതാണെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ വാദം പൊളിയുന്നു.

നിരാഹാര സമരം എ എന്‍ രാധാകൃഷ്ണന്‍ സ്വയം ഏറ്റതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ രാധാകൃഷ്ണന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ വിറയ്ക്കുകയാണെന്നുമായിരുന്നു ശ്രീധരന്‍പിള്ള പറഞ്ഞത്.

എന്നാല്‍ ഇത് താന്‍ സ്വയം ഏറ്റതല്ലെന്നും പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല നിര്‍വഹിക്കുകയാണെന്നുമാണ് രാധാകൃഷ്ണന്‍ രാവിലെ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്. ശ്രീപത്മനാഭന്റെയും അയ്യപ്പന്റെയും അനുഗ്രഹത്തോടെ അത് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.