കുമ്മനം തിരികെ വരുന്നു;ശബരിമല സമരം കുമ്മനം ഏറ്റെടുക്കണമെന്ന് ആര്‍.എസ്.എസ്

single-img
3 December 2018


തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സമരം കൈകാര്യം ചെയ്യുന്നതില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള പരാജയമാണെന്ന് ആര്‍.എസ്.എസിന്റെ വിലയിരുത്തല്‍. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലടക്കം നേട്ടം കൊയ്യാമായിരുന്ന വിഷയം മുന്‍ ബി.ജെ.പി അദ്ധ്യക്ഷനും ഇപ്പോഴത്തെ മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരനെ ഏല്‍പ്പിക്കണമെന്നുമാണ് ആര്‍.എസ്.എസിന്റെ ആവശ്യം. മിസോറാം ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് കുമ്മനം രാജശേഖരനെ രാഷ്ട്രീയത്തിലേക്ക് തിരിക കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബിജെപി ദേശീയ നേതൃത്വവുമായി കേരളത്തിലെ ആര്‍എസ്എസ് നേതൃത്വം ചര്‍ച്ചകള്‍ നടത്തി. മിസോറാം തിരഞ്ഞെടുപ്പിന് ശേഷം കുമ്മനത്തെ കേരളത്തിലേക്ക് തിരികെ അയയ്ക്കണമെന്നാണ് ആര്‍എസ്എസ് സംസ്ഥാന നേതൃത്വം ആവശ്യപ്പെടുന്നത്.

കുമ്മനത്തിന് എന്‍.ഡി.എ ചെയര്‍മാന്‍ സ്ഥാനമോ കേന്ദ്രപദവികളോ നല്‍കി കേരളത്തിലേക്ക് തിരിച്ച്‌ കൊണ്ടുവരാനുള്ള സാധ്യതകള്‍ ബി.ജെ.പി കേന്ദ്രങ്ങള്‍ തള്ളിക്കളയുന്നുമില്ല. ആറന്മുള സമരവും ശബരിമലയില്‍ തന്നെ നേരത്തെയുണ്ടായ ചില പ്രശ്‌നങ്ങളിലും കുമ്മനം നടത്തിയ ക്രിയാത്മകമായ ഇടപെടലുകള്‍ ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്‌ക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. ശബരിമല വിഷയം അനുകൂലമാകാന്‍ കുമ്മനത്തിന്റെ സാന്നിധ്യം കേരളത്തില്‍ അനിവാര്യമാണെന്നാണ് ആര്‍.എസ്.എസ് നിലപാട്. നിലവില്‍ പാര്‍ട്ടിയിലെ വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കവും അധികാര പിടിവലികളും കുമ്മനത്തിന്റെ വരവോടെ ഇല്ലാതാകുമെന്ന വിലയിരുത്തല്‍ കേന്ദ്ര നേതൃത്വത്തിനുമുണ്ട്.

ഗവര്‍ണര്‍ ആയിരുന്ന ഒരാളെ തിരികെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്ന കീഴ്‌വഴക്കം ഉണ്ടായിട്ടില്ല.