ശബരിമല കയറാന്‍ ശ്രമിച്ച യുവതികളെ തിരിച്ചിറക്കി

single-img
1 December 2018

ശബരിമല ദര്‍ശനത്തിന് എത്തിയ രണ്ടു യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞു. കാനനപാതയിലേക്ക് കയറിതുടങ്ങിയ യുവതികളെ പ്രതിഷേധക്കാര്‍ തിരികെയിറക്കുകയായിരുന്നു. രണ്ട് പേരും ആന്ധ്രാസ്വദേശികളാണ്. അതില്‍ ഒരാളുടെ പ്രായം 45 ആണെന്നാണ് സൂചന. വനിതാ പൊലീസിന്റെ സഹായത്തോടെയാണ് ഇവരെ താഴെ ഇറക്കിയത്.

കാഴ്ചയില്‍ രണ്ടുപേരും 50 വയസ്സ് പ്രായം തോന്നിക്കാത്തവരാണ്. ഇവര്‍ എങ്ങനെ അവിടെയെത്തി എന്നത് പൊലീസിനും വ്യക്തമായി അറിയില്ല. സന്നിധാനത്ത് എത്തുന്നതിന് മുമ്പ് അയ്യപ്പഭക്തരുടെ നേത്യത്വത്തില്‍ തടയുകയായിരുന്നു. ഓരോ ആളുകളെയും പരിശോധിച്ചിട്ട് മാത്രമാണ് പൊലീസ് കടത്തിവിടുന്നത്.

എന്നാല്‍ എങ്ങനെ ഇവര്‍ കടന്നുപോയി എന്നതിനെ കുറച്ച് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പറയുന്നില്ല. ഇവരെ ഇപ്പോള്‍ പമ്പ പൊലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. ഇവരെ തിരിച്ചിറക്കുമ്പോള്‍ പ്രതിഷേധക്കാര്‍ ശരണം വിളികളോടെ പ്രതിഷേധിച്ചു. ഇവര്‍ പോലീസിന്റെ അടുത്തെത്തി സംരക്ഷണം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സംരക്ഷണം നല്‍കാന്‍ പോലീസ് തയാറായില്ല. യുവതികള്‍ സ്വന്തം ഇഷ്ടപ്രകാരം പിന്നീട് മലചവിട്ടുകയായിരുന്നു. യുവതികള്‍ മലകയറുന്നത് കണ്ടതോടെ സന്നിധാനത്തേക്കുള്ള വഴിയിലുണ്ടായിരുന്ന തീര്‍ഥാടകരില്‍ ചിലര്‍ ഇവരെ തടഞ്ഞു. പിന്നീട് യുവതികള്‍ക്കൊപ്പം ഉണ്ടായിരുന്ന ഒരു വനിതാ പോലീസുകാരിയും മറ്റ് പോലീസുകാരും ചേര്‍ന്ന് ഇവരെ പമ്പാ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു