അലാസ്കയെ വിറപ്പിച്ച് വൻ ഭൂചലനം; സൂനാമി മുന്നറിയിപ്പ്

single-img
1 December 2018

ആങ്കറേജ് (യുഎസ്): അതിശക്തമായ ഭൂകമ്പത്തിൽ കുലുങ്ങി അലാസ്ക. യുഎസ് നാഷനല്‍ വെതർ സര്‍വീസിന്റെ റിപ്പോർട്ട് പ്രകാരം 7.2 തീവ്രതയുള്ള ഭൂകമ്പമാണുണ്ടായത്. എന്നാൽ യുഎസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കുന്നത് 6.7 എന്നും. ആദ്യത്തെ ഭൂചലനത്തിനു ശേഷം പലരും തിരികെ കെട്ടിടങ്ങളിലേക്കു കയറി. എന്നാൽ തുടർന്നും ചെറുചലനമുണ്ടായതോടെ പലരും കെട്ടിടങ്ങൾ വിട്ടോടുകയായിരുന്നു.

പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ ഒൻപതോടെയാണു ഭൂചലനം അനുഭവപ്പെട്ടത്. നാലിടത്ത് തുടർ ചലനങ്ങളുണ്ടായി. അലാസ്കയിലെ ഏറ്റവും വലിയ നഗരമായ ആങ്കറേജിലായിരുന്നു ഏറ്റവും തീവ്രത അനുഭവപ്പെട്ടത്– 5.8. ആങ്കറേജിൽ നിന്നു 12 കി.മീ. മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നും ജിയോളജിക്കൽ സർവേ വ്യക്തമാക്കി. ആർക്കും പരുക്കേറ്റതായി നിലവിൽ റിപ്പോർട്ടുകളില്ല. എന്നാൽ വൻ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.

അലാസ്കയുടെ തീരമേഖലയിൽ സൂനാമി മുന്നറിയിപ്പും നൽകി. ഇതു പിന്നീടു പിൻവലിച്ചതായും റിപ്പോർട്ടുകളുണ്ട്. അലാസ്കയുടെ തെക്ക് കീനായ് പെനിൻ‌സുലയിലെ തീരമേഖലയിലാണു സൂനാമി മുന്നറിയിപ്പു നൽകിയിരിക്കുന്നതെന്ന് നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (എൻഒഎഎ) വ്യക്തമാക്കി.

യുഎസിലെയും വടക്കേ അമേരിക്കയിലെയും മറ്റു തീരമേഖലയിൽ സൂനാമി സംബന്ധിച്ച മുന്നറിയിപ്പു നൽകണമോയെന്ന കാര്യം പരിശോധിച്ചു വരികയാണ്. നിലവിൽ ഹവായ് ദ്വീപുകളിലും പസഫിക് മേഖലയിലും സൂനാമി ഭീഷണിയില്ലെന്നും യുഎസിലെ സൂനാമി മുന്നറിയിപ്പു സംവിധാനവുമായി ബന്ധപ്പെട്ടു പുറത്തിറക്കുന്ന ബുള്ളറ്റിൻ വ്യക്തമാക്കി.