ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന് വില കുറച്ചു

single-img
30 November 2018

വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 6.52 രൂപ കുറച്ചു. വിലക്കുറവ് ഇന്ന് അർധരാത്രി മുതൽ നിലവിൽ വരുമെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) അറിയിച്ചു. 308.60 രൂപ ഉപഭോക്താവിനു സബ്സിഡിയായി ബാങ്ക് അക്കൗണ്ടിൽ ലഭിക്കും. ഒപ്പം സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന് 133 രൂപയും കുറച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.

തുടര്‍ച്ചയായി ആറു മാസത്തോളം നിരക്ക് വര്‍ധിച്ചുക്കൊണ്ടിരുന്ന പാചക വാതക സിലിണ്ടറിന് ഇതാദ്യമായാണ് വില കുറയുന്നത്. പുതുക്കിയ നിരക്കുപ്രകാരം ഡൽഹിയിൽ 14 കിലോ സിലിണ്ടർ 500.90 രൂപയ്ക്കു ലഭിക്കും. നിലവിലെ വില 507.42 രൂപ. ജൂണിനു ശേഷം ആദ്യമായാണു പാചകവാതകത്തിനു വില കുറയുന്നത്.

ഇക്കാലത്തിനിടെ 14.13 രൂപ കൂടി. ഈ മാസം മാത്രം സബ്സിഡിയുള്ള സിലിണ്ടറിനു കൂട്ടിയത് 2.94 രൂപ. അന്താരാഷ്ട്ര വിലയിലെ മാറ്റവും രൂപ ശക്തി പ്രാപിച്ചതുമാണ് വില കുറക്കാന്‍ കാരണമെന്ന് ഐഒസി അറിയിച്ചു.