മോഹന്‍ലാലിന് വേണ്ടി വനംവകുപ്പ് ചട്ടലംഘനം നടത്തി: സി.എ.ജി റിപ്പോര്‍ട്ട് പുറത്ത്

single-img
30 November 2018

തിരുവനന്തപുരം: മോഹന്‍ലാലിന്റെ വീട്ടില്‍നിന്ന് നാല് ആനക്കൊമ്പുകള്‍ പിടിച്ചെടുത്ത കേസില്‍ വനംവകുപ്പ് ചട്ടലംഘനം നടത്തിയെന്ന് സിഎജി റിപ്പോര്‍ട്ട്. മോഹന്‍ലാലിനെ സഹായിക്കാന്‍ പത്യേക ഉത്തരവിറക്കി ഉടമസ്ഥത വെളിപ്പെടുത്താന്‍ അവസരം നല്‍കിയെന്നാണ് സിഎജി റിപ്പോര്‍ട്ട് പറയുന്നത്.

മൃഗശേഷിപ്പുകള്‍ വെളിപ്പെടുത്താന്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്നതിന് പകരം നടന് മാത്രമായി ഉത്തവിറക്കിയത് ചട്ടലംഘനമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് വന്യജീവി നിയമത്തിലെ സെക്ഷന്‍ 40ന്റെ ലംഘനമാണ്. സമാനകുറ്റം നേരിടുന്നവര്‍ക്ക് ഉത്തരവ് ബാധമാക്കാതിരുന്നതിനെയും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.

2012 ജൂണിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. സംഭവത്തില്‍ തുടക്കം മുതലേ മോഹന്‍ലാലിന് പിന്തുണയുമായി അന്നത്തെ വനംമന്ത്രി ഗണേഷ് കുമാര്‍ രംഗത്തുണ്ടായിരുന്നു.

മോഹന്‍ലാലിനെ രക്ഷിക്കാന്‍ ഗണേഷ് കുമാര്‍ ഇടപ്പെട്ടതായി ആരോപണവും അക്കാലത്ത് സജീവമായിരുന്നു. പുതിയ സിഎജി റിപ്പോര്‍ട്ടില്‍ വനം വകുപ്പ് മോഹന്‍ലാലിനെ രക്ഷിക്കാന്‍ പ്രത്യേകമായി ഉത്തരവിറക്കിയെന്ന കാര്യം കണ്ടെത്തിയ സ്ഥിതിക്ക് ഗണേഷ് കുമാറും സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്.