ബി.ജെ.പിയില്‍ പൊട്ടിത്തെറി: സമരം ഒത്തുതീര്‍ക്കാന്‍ ആത്മാഭിമാനമുള്ള ഒരു പ്രവര്‍ത്തകനും അനുവദിക്കില്ലെന്ന് വി. മുരളീധരന്‍

single-img
30 November 2018

പത്തനംതിട്ട: ശബരിമല സമരത്തില്‍ നിന്നും പിന്മാറാനുള്ള പാര്‍ട്ടി തീരുമാനവുമായി ബന്ധപ്പെട്ട് ബി.ജെ.പിയില്‍ ഭിന്നത രൂക്ഷം. സന്നിധാനത്ത് നിന്ന് സമരകേന്ദ്രം സെക്രട്ടറിയേറ്റിലേക്ക് മാറ്റിയ ബി.ജെ.പി തീരുമാനം ആത്മാഭിമാനമുള്ള ഒരു ബി.ജെ.പിക്കാരനും അംഗീകരിക്കാന്‍ കഴിയില്ലെന്ന് വി. മുരളീധരന്‍ എംപി കോഴിക്കോട് പറഞ്ഞു.

ശബരിമല വിഷയത്തില്‍ നിന്ന് പിന്നോട്ടുപോകില്ല. കേരളത്തിന്റെ വിഷയങ്ങളില്‍ ഇടപെടാറില്ലെന്നും, ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെതിരായ പൊലീസ് നടപടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്നും മുരളീധരന്‍ ആരോപിച്ചു.

അതേസമയം ശബരിമല സന്നിധാനത്തെ സമരത്തില്‍നിന്നു ബിജെപി പിന്‍വാങ്ങിയത് ആര്‍എസ്എസ് നിര്‍ദേശപ്രകാരമാണെന്ന് റിപ്പോര്‍ട്ടുകള്‍. സന്നിധാനത്തു രാഷ്ട്രീയ സമരം വേണ്ടെന്നാണ് ആര്‍എസ്എസിന്റെ നിലപാട്. ശബരിമല സമരം സംബന്ധിച്ച ആര്‍എസ്എസ് നിര്‍ദ്ദേശങ്ങള്‍ ബിജെപി സംസ്ഥാന നേതൃത്വം അട്ടിമറിച്ചതാണ് ആര്‍എസ്എസില്‍ അതൃപ്തി ഉണ്ടാക്കിയത്.

ഇതിന്റെ ഭാഗമായാണ് ശബരിമലയിലെ സമരപദ്ധതി സര്‍ക്കുലറാക്കി ഇറക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന അധ്യക്ഷന്‍ സ്വന്തം കാര്യം മാത്രം നോക്കുന്നുവെന്നും ആര്‍എസ്എസില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. അതൃപ്തി കേന്ദ്ര നേതൃത്യത്തെ അറിയിക്കാനാണ് ആര്‍എസ്എസ് സംസ്ഥാന ഘടകത്തിന്റെ തീരുമാനം.

ശബരിമല കര്‍മസമിതിയുടെ എറണാകുളത്തെ യോഗത്തില്‍ ബിജെപിയുടെ ഇടപെടലിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനടക്കമുള്ള നേതാക്കള്‍ സന്നിധാനത്തേക്കു പോയത് ആര്‍എസ്എസ് നിര്‍ദേശം ലംഘിച്ചാണ്.

ശബരിമല സന്നിധാനത്തെ സമരങ്ങള്‍ ഒഴിവാക്കി ഇനി സെക്രട്ടേറിയറ്റ് നടയ്ക്കല്‍ പ്രതിഷേധിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള അറിയിച്ചിരുന്നു. തിങ്കളാഴ്ച മുതല്‍ നിരാഹാര സമരം തുടങ്ങാനാണ് ബിജെപി തയാറെടുക്കുന്നത്. എ.എന്‍.രാധാകൃഷ്ണനാണ് ആദ്യം നിരാഹാര സമരം നടത്തുന്നത്.