സ്പീക്കറെ പ്രകോപിപ്പിച്ച് പ്രതിപക്ഷം; ഞങ്ങളാരും കസേര മറിച്ചിട്ടിട്ടില്ല: നിയമസഭ പ്രക്ഷുബ്ധം; ഇന്നത്തേക്ക് പിരിഞ്ഞു

single-img
29 November 2018

ശബരിമല വിഷയം മുന്‍നിര്‍ത്തി പ്രതിപക്ഷം നിയമസഭ ഇന്നും സ്തംഭിപ്പിച്ചു. ഇന്ന് 20 മിനിറ്റ് മാത്രമാണ് സഭ ചേര്‍ന്നത്. പ്രതിപക്ഷ ബഹളം കടുത്തതോടെ നടപടികള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു. സഭ തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളം ആരംഭിച്ചു.

ശബരിമലയിലെ പൊലീസ് രാജ് അവസാനിപ്പിക്കുക എന്നെഴുതിയ പ്‌ളക്കാര്‍ഡുകളും അംഗങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. പ്രതിഷേധം തുടരുന്നത് ശരിയല്ലെന്നു സ്പീക്കര്‍ പറഞ്ഞു. ഇതോടെ സ്പീക്കറും പ്രതിപക്ഷാംഗങ്ങളും തമ്മില്‍ നേര്‍ക്കു നേരെയായി തര്‍ക്കം.

ശബരിമല പ്രസക്ത വിഷയമെങ്കിലും അതിന്റെ പേരില്‍ സഭ സ്തംഭിപ്പിക്കാനാവില്ലെന്നു സ്പീക്കര്‍ പറഞ്ഞു. ഗവര്‍ണര്‍ പറഞ്ഞത് ഓര്‍മയുണ്ടാകണം. മറ്റ് ജനകീയവിഷയങ്ങളും ഉണ്ടെന്നു സ്പീക്കര്‍ പറഞ്ഞു. ഞങ്ങളാരും കസേര മറിച്ചിട്ടിട്ടില്ലെന്നു പറഞ്ഞ് പ്രതിപക്ഷവും തിരിച്ചടിച്ചു.

തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കി. സബ്മിഷനുകളും ശ്രദ്ധ ക്ഷണിക്കലും വെട്ടിച്ചുരുക്കി. രണ്ട് ബില്ലുകള്‍ ചര്‍ച്ച കൂടാതെ സബ്ജക്റ്റ് കമ്മിറ്റിക്കു വിട്ടു. 21 മിനിറ്റിനുള്ളില്‍ സഭാ നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ശബരിമല വിഷയത്തില്‍ സഭയില്‍ ബഹളം നടക്കുന്നത്.

ശബരിമല വിഷയത്തില്‍ പ്രതിഷേധം തുടരുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയ്ക്കു പുറത്ത് മാധ്യമങ്ങളോടു പറഞ്ഞു. തങ്ങളെല്ലാവരും ശബരിമല സന്ദര്‍ശിച്ചവരാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെ അവിടെയില്ല. കുളിമുറി, ശുചിമുറി, വിരിവയ്ക്കാനിടം തുടങ്ങിയ സൗകര്യങ്ങളില്ല.

ഒരു ഓലപ്പുര പോലും ഈ സീസണില്‍ നിര്‍മിക്കാന്‍ സര്‍ക്കാരിനു സാധിച്ചിട്ടില്ല. ഭക്തര്‍ ശബരിമലയിലേക്ക് വരരരുതെന്ന നിര്‍ബന്ധബുദ്ധിയാണ് സര്‍ക്കാരിനുള്ളത്. ബിജെപിയും സര്‍ക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് നടക്കുന്നതെന്നും ചെന്നിത്തല മാധ്യമങ്ങളോടു പറഞ്ഞു.